കോട്ടയം - കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ബിഷപ്പ്്് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രീയുടെ പരാതിയിൽ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബിഷപ്പും സംഘവും സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നൽകിയ പരാതിയിൽ ബിഷപ്പിന് നോട്ടീസ് നൽകിയ വൈക്കം എസ്.ഐ മോഹൻദാസിനെയാണ് സ്ഥലം മാറ്റിയത്. ഇക്കഴിഞ്ഞ 23-നാണ് ബിഷപ്പിന് എസ്.ഐ നോട്ടീസ് നൽകിയത്. ജാമ്യം റദ്ദാക്കാതിരിക്കാൻ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കകം കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
അധികം വൈകാതെ ബിഷപ്പിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ബിഷപ്പും സംഘവും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നൽകിയ പരാതി കുറവിലങ്ങാട് പോലീസ് വൈക്കം പോലീസിന് കൈമാറിയിരുന്നു. ഇതിൽ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്. ബിഷപ്പ് അനുയായികളുടെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായും യൂട്യൂബ് പോലുളള വീഡീയോ ഷെയറിംഗ് വേദികളിലൂടെയും അപകീർത്തിപ്പെടുത്തുന്നുവെന്നുമായിരുന്നു കന്യാസ്ത്രീയുടെ ആരോപണം. ഇതിനെതിരെ നടപടി എടുക്കണമെന്ന് കാണിച്ച് ദേശീയ വനിത കമ്മീഷനും സംസ്ഥാന വനിത കമ്മീഷനും കന്യാസ്ത്രീ പരാതി അയച്ചിരുന്നു.
ബിഷപ്പ്്് കേസിൽ ഇതു വരെ എട്ടു അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് ഈ കേസുകൾ. എന്നാൽ ഫാ. എർത്തയിലിനെതിരെയുള്ള കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് പ്രധാന ആരോപണം. കേസ് വന്നതിന് ശേഷം ബിഷപ്പ് മുൻകൈ എടുത്ത്് തുടങ്ങിയ തന്നെ യുട്യൂബ് ചാനലാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്്. ഇതിനിടെയാണ് വീണ്ടും ഇരയെ സമൂഹ മധ്യത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ചാനലിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെയാണ് ഇരയായ കന്യാസ്ത്രീ പരാതി നൽകിയത്്. ഇരയെ അപകീർത്തി പ്പെടുത്തുന്നതും തിരിച്ചറിയുന്ന രീതിയിൽ പ്രചരണം നടത്തുന്നതും അവകാശങ്ങളുടെ ലംഘനവും കടന്നുകയറ്റുവുമാണ്.
അനുബന്ധ കേസുകളിലെ പ്രതികൾ നടത്തുന്ന തുടർച്ചയായ ആക്ഷേപങ്ങൾ പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ ഊർജിത പ്പെടുത്തണമെന്ന് സേവ് ഔർ സിസ്‌റഴ്‌സ് ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു.
തന്നെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കു ന്നവർക്കെതിരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകൾക്ക് നൽകിയ പരാതിയിൽ കന്യാസ്ത്രീ ആവശ്യപ്പെട്ടിരുന്നു.നേരത്തേ ബിഷപ്പിന് ജാമ്യം നൽകുമ്പോൾ സാക്ഷികളെയും പരാതിക്കാരെയും ഒരു തരത്തിലും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നു. ഇതിന്റെ ലംഘനം നടന്നതായിട്ടാണ് പരാതിയുടെ അടിസ്ഥാനത്തിലെ പ്രാഥമിക വിവരം. അതേസമയം ജാമ്യവ്യവസ്ഥയുടെ ലംഘനം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ ഫ്രാങ്കോയ്ക്കെതിരേ അന്വേഷണ സംഘത്തിന് ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാകും.
നേരത്തേ കേസിൽ കോട്ടയം ജില്ലാക്കോടതിയിൽ നേരിട്ടു ഹാജരാകാൻ ഫ്രാങ്കോയ്ക്ക് സമൻസ് നൽകിയിരുന്നു. നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയതായിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് കൈമാറിയതായി പോലീസ് അറിയിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാനാണ് നിർദേശം.