തിരുവനന്തപുരം- കോന്നി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടാൻ കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണെന്ന് അടൂർ പ്രകാശ് എം.പി. റോബിൻ പീറ്ററിനേക്കാൾ എന്ത് അധികയോഗ്യതയാണ് മോഹൻ രാജിനുള്ളതെന്ന് അറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ജാതിയോ മതമോ ബന്ധമോ നോക്കിയല്ല കോന്നിയിൽ റോബിൻ പീറ്ററിനെ നിർദ്ദേശിച്ചത്. മോഹൻരാജിനെ നിർദ്ദേശിച്ച ശേഷം ആ തീരുമാനം അംഗീകരിച്ചു. അദ്ദേഹത്തിന്റെ തോൽവിയിൽ ദുഖമുണ്ട്. ഡി.സി.സി നേതൃത്വത്തിന്റെ പ്രചാരണത്തിൽ പാളിച്ച പറ്റി. പാർട്ടി പറഞ്ഞിട്ടാണ് ആറ്റിങ്ങലിൽ മത്സരിച്ചത്. കോന്നിയിൽ ആരുണ്ടെന്ന് ചോദിച്ചപ്പോഴാണ് റോബിൻ പീറ്ററിനെ നിർദ്ദേശിച്ചത്. കോന്നി എക്കാലത്തും ഇടതുമുന്നണിയുടെ മണ്ഡലമായിരുന്നു. ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടാണ് ജനങ്ങൾ പിന്തുണച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.