കോഴിക്കോട്- നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലവും മിസോറം ഗവര്‍ണര്‍ നിയമനവും തമ്മില്‍ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. തന്നെ ഗവര്‍ണറായി നിയമിച്ചതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ഫലം വരുന്നതിനു മുമ്പുതന്നെ ഈ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം അപ്രതീക്ഷിതമല്ലെന്നും പ്രധാനമന്ത്രി നാല് ദിവസം മുന്‍പ് ഇക്കാര്യം പറയാന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മാത്രമാണ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്ത് എത്താനായത്. ബിജെപി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് മാറ്റിയ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കി നിയമിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പു തന്നെ മിസോറം ഗവര്‍ണര്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെന്ന് ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നു.
കുമ്മനം രാജശേഖരനെ കേരളത്തിലേയ്ക്ക് തിരിച്ചു വിളിപ്പിച്ചതിനു ശേഷം ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പുതിയ നിയമനം നടന്നിരുന്നില്ല.
പുതിയ സംസ്ഥാന പ്രസിഡന്റ് നിയമനം സംബന്ധിച്ച് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറാക്കി നിയമിക്കുന്നതിന് പിന്നിലെ കാരണം അദ്ദേഹത്തിന്റെ മോശം പ്രകടനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോള്‍ പകരം സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയുടെ കീഴില്‍ പാര്‍ട്ടിയുടെ സംഘടനാശേഷി ക്ഷയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഫലപ്രദമായ നിലപാടെടുക്കാനും പ്രതിഷേധുയര്‍ത്താനും ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന ആരോപണമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നയിക്കാന്‍ കുമ്മനം രാജശേഖരന്‍ മടങ്ങിയത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കുമ്മനത്തിന്റെ വരവ് പ്രതീക്ഷിച്ചത്ര ഫലമുണ്ടാക്കിയില്ല. ശ്രീധരന്‍ പിള്ള സ്ഥാനമൊഴിയുമ്പോള്‍ പകരം കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെ.സുരേന്ദ്രനും എം.ടി രമേശുമാണ് പരിഗണനയിലുള്ള മറ്റുനേതാക്കള്‍.