കുവൈത്ത് സിറ്റി- വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് തുല്യതാ സാക്ഷ്യപത്രം ലഭിക്കാത്ത നിരവധി പ്രൊഫഷണനുകള്‍ പ്രതിസന്ധിയിലായി. തുല്യത ഉറപ്പാക്കല്‍ വ്യവസ്ഥ പൊതു, സ്വകാര്യമേഖലയിലെ മൂവായിരത്തോളം ഡോക്ടര്‍മാരെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ അസോസിയേഷന്‍, ഡെന്റല്‍ അസോസിയേഷന്‍, ഫാര്‍മസി യൂണിയന്‍, സ്വകാര്യമേഖല മെഡിക്കല്‍ പ്രൊഫഷനല്‍ യൂണിയന്‍ എന്നിവയുടെ ഭാരവാഹികള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശമ്പളം തടയാനും ഇഖാമ പുതുക്കാതിരിക്കാനും സാധ്യതയുള്ളതായി അവര്‍ പറഞ്ഞു.
തുല്യതാ വ്യവസ്ഥയില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് അല്‍ അനേസി ആവശ്യപ്പെട്ടു. മെഡിക്കല്‍ മേഖലയിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് പകരം രാജ്യാന്തര തലത്തിലുള്ള മറ്റു സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാകും എളുപ്പമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ട്ടിഫിക്കറ്റിന്റെ യോഗ്യത പരിശോധിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് ഡെന്റിസ്റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ ദഷ്തി പറഞ്ഞു. എന്നാല്‍ അതിന് അവലംബിച്ച രീതി മാറ്റണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കല്‍ മേഖലയിലെ പ്രത്യാഘാതം ഉള്‍ക്കൊള്ളാതെയുള്ളതാണ് തീരുമാനമെന്ന് സ്വകാര്യമേഖലയിലെ മെഡിക്കല്‍ പ്രഫഷനലുകളുടെ യൂണിയന്‍ പ്രസിഡന്റ് ഡോ.ആദില്‍ അഷ്‌കാനാനി പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായി വരുന്ന ഡോക്ടര്‍മാര്‍ കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വഴി സര്‍ട്ടിഫിക്കറ്റ് തുല്യതക്കായി അപേക്ഷിക്കണം. അതിന്റെ ഫലം ലഭിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.