ന്യൂദല്‍ഹി- കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനു ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഹരജി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശിവകുമാറിനു ജാമ്യം അനുവദിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാര്‍ പുറത്തുവന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു ഇ.ഡിയുടെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല. ഇത്തരം വാദങ്ങള്‍ ശരിവെക്കുന്ന രീതിയിലുള്ള വസ്തുതാപരമായ തെളിവുകളൊന്നും ഏജന്‍സി ഹാജരാക്കിയിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം അനുവദിച്ചത്.