ലോക റെക്കോർഡിന്റെ ഇരട്ടി നൽകാമെന്ന്
പാരിസ് - ബാഴ്‌സലോണ നിഷേധിക്കുന്നുണ്ടെങ്കിലും ബ്രസീൽ സ്‌ട്രൈക്കർ നെയ്മാറിനെ കിട്ടുമെന്ന പ്രതീക്ഷയിൽ പാരിസ് സെയ്ന്റ് ജർമാൻ. നിലവിലെ ലോക റെക്കോർഡിന്റെ ഇരട്ടി തുക നൽകാൻ പി.എസ്.ജി തയാറാണ്. 22 കോടി യൂറോയാണ് അവർ വാഗ്ദാനം ചെയ്യുന്നത്. യുവന്റസിൽനിന്ന് പോൾ പോഗ്ബയെ കിട്ടാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ചെലവിട്ട 10.5 കോടി യൂറോയാണ് നിലവിലെ റെക്കോർഡ്. എന്നാൽ നെയ്മാറിനെ കൈയൊഴിയുന്ന പ്രശ്‌നമില്ലെന്ന് ബാഴ്‌സലോണ കോച്ച് ഏണസ്റ്റൊ വാൽവെർദെ പറഞ്ഞു. ബാഴ്‌സലോണയുടെ ആദ്യ ലീഗ് മത്സരം ഓഗസ്റ്റ് 20 നും പി.എസ്.ജിയുടേത് ഓഗസ്റ്റ് അഞ്ചിനുമാണ്.
ലിയണൽ മെസ്സിയെയോ ക്രിസ്റ്റ്യാനൊ റൊണാൾഡോയെയോ പോലെ ഇരുത്തഞ്ചുകാരനായ നെയ്മാർ ഇതുവരെ ഫോമിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നാണ് പി.എസ്.ജി കരുതുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്ലാറ്റൻ ഇബ്രഹിമോവിച് ക്ലബ് വിടുമെന്ന് തോന്നിയതു മുതൽ പി.എസ്.ജി നെയ്മാറിനെ നോട്ടമിടുന്നുണ്ട്. നെയ്മാറിന്റെ പിതാവുമായും ഏജന്റുമായും അവർ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് 2021 വരെ ബാഴ്‌സലോണയുമായി നെയ്മാർ കരാർ നീട്ടിയത്. എന്നാൽ മെസ്സിയുടെ നിഴലിൽനിന്ന് രക്ഷപ്പെടാൻ നെയ്മാർ ആഗ്രഹിക്കുന്നതായി വാർത്തയുണ്ട്. ഇക്കാര്യം ക്ലബ് പ്രസിഡന്റിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ബ്രസീലുകാരായ തിയാഗൊ സിൽവ, മാർക്വിഞ്ഞൊ, ഡാനി ആൽവെസ് എന്നിവർ പി.എസ്.ജിയിലുണ്ട്.
അതിനിടെ, ബ്രസീൽ പ്ലേമേക്കർ ഫിലിപ്പെ കൗടിഞ്ഞോക്കായി ബാഴ്‌സലോണ വെറുതെ സമയം കളയേണ്ടെന്ന് ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ് ഓർമിപ്പിച്ചു. എത്ര തുക വാഗ്ദാനം ചെയ്താലും താരത്തെ കൈമാറില്ലെന്ന് ക്ലോപ് പറഞ്ഞു. ലൂയിസ് സോറസിനെ ലിവർപൂളിൽ നിന്നാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. റഹീം സ്റ്റെർലിംഗിനെ മാഞ്ചസ്റ്റർ സിറ്റിക്കും അവർ കൈമാറിയിരുന്നു.