ഹായിൽ - രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ബിസിനസ് സ്ഥാപനം നടത്തുന്നതിന് വിദേശികൾക്ക് കൂട്ടുനിന്ന കേസിൽ സൗദി പൗരനെ ഹായിൽ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ഹായിലിൽ കോൺട്രാക്ടിംഗ് മേഖലയിൽ സ്ഥാപനം നടത്തുന്നതിന് വിദേശികൾക്കു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ ഫഹൈദ് ബിൻ ഇബ്രാഹിം അവദ് അൽഅനസിക്കാണ് ശിക്ഷ. ഇദ്ദേഹത്തിന് കോടതി പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. കൂടാതെ ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.