മക്ക - മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ഏതാനും തുരങ്കങ്ങളിൽ സി.സി.ടി.വി സംവിധാനം സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് നഗരസഭ കരാർ നൽകി. 40,69,275 റിയാലാണ് കരാർ തുക. വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് പന്ത്രണ്ടു മാസത്തിനകം പദ്ധതി പൂർത്തിയാക്കാൻ കരാർ അനുശാസിക്കുന്നു.
സുരക്ഷാ കാര്യങ്ങൾക്കും ടണലുകളിലെ നിരീക്ഷണ ക്യാമറകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് മക്ക നഗരസഭ വക്താവ് എൻജിനീയർ റായിദ് സമർഖന്ദി പറഞ്ഞു. കരാർ പ്രകാരം 150 സ്ഥിരം ക്യാമറുകളും 40 മൊബൈൽ ക്യാമറകളും 35 പനോരമിക് ക്യാമറകളും റെക്കോർഡിംഗിനുള്ള പതിമൂന്നു ഉപകരണങ്ങളും വൈദ്യുതി മുടങ്ങാതെ നോക്കുന്ന 13 ഉപകരണങ്ങളും 50 നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളും 13 കൺട്രോൾ ഉപകരണങ്ങളും 13 വയർലെസ് ഉപകരണങ്ങളും 50 നിരീക്ഷണ സ്‌ക്രീനുകളും കമ്പനി സ്ഥാപിക്കും.
മക്കയിലും പുണ്യസ്ഥലങ്ങളിലുമുള്ള 58 തുരങ്കങ്ങൾക്ക് മക്ക നഗരസഭ മേൽനോട്ടം വഹിക്കുന്നു. ടണലുകളിലെ അനുബന്ധ സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് എൻജിനീയർമാരും സൂപ്പർവൈസർമാരും സാങ്കേതിക വിദഗ്ധരും അടങ്ങിയ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. മക്കയിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളിൽ തിരക്ക് കുറക്കുന്നതിനും മകൾ നിറഞ്ഞ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച ടണലുകൾ സഹായിക്കുന്നു.