മലപ്പുറം- താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ പിടിയിൽ. അഞ്ചുടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്. മുഫീസിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഏറെക്കാലമായി സി.പി.എം-മുസ്്‌ലിം ലീഗ് സംഘർഷം നിലനിൽക്കുന്ന താനൂരിലെ അഞ്ചുടിയിലാണ് ഇന്നലെ രാത്രി എട്ടരയോടെ കൊലപാതകം നടന്നത്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖാണ് (38) വെട്ടേറ്റു മരിച്ചത്. അഞ്ചുടി മദ്രസക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഈ പ്രദേശത്ത് രാത്രി വൈദ്യുതി നിലച്ച സമയത്ത് ഇസ്ഹാഖിനെ ആക്രമിക്കുകയായിരുന്നു.
രാത്രി ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ സി.പി.എം നേതാവ് പി.ജയജാജന് പങ്കുണ്ടെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ജയരാജൻ കഴിഞ്ഞയാഴ്ച ഇവിടെ സന്ദർശിച്ചിരുന്നുവെന്നും അതിന് ശേഷം സി.പി.എം വാട്‌സാപ്പ് ഗ്രൂപ്പിൽ കൗണ്ട്ഡൗൺ എന്ന സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടതായും ലീഗ് യൂത്ത് ലീഗ് ആരോപിച്ചു. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.