കൊച്ചി - ആദ്യ സീസൺ ഐ.എസ്.എല്ലിൽ ഉജ്വല പ്രകടനത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് വഴി കണ്ടെത്തിയ കനേഡിയൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂം വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്. ആദ്യ സീസണിനു ശേഷം എ.ടി.കെയിലേക്ക് കൂടുമാറിയ മുപ്പത്തിമൂന്നുകാരൻ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായമിട്ട് വീണ്ടും മലയാളികളുടെ ഹൃദയ സിംഹാസനം കീഴടക്കാനൊരുങ്ങുകയാണ്. ഐ.എസ്.എല്ലിലെ ടോപ്‌സ്‌കോററാണ് ഹ്യൂം, മൂന്നു സീസണിലായി 23 ഗോളടിച്ചിട്ടുണ്ട്.
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കന്നി ഗോളുൾപ്പെടെ അഞ്ച് ഗോളടിച്ച ഹ്യൂമാണ് ടീം ഫൈനലിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. ആദ്യ സീസണിൽ ഹീറോ ഓഫ് ദ ലീഗ് ബഹുമതി നേടി. ഹ്യൂമിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് താൽപര്യം കാണിച്ചില്ല. തുടർന്നുള്ള രണ്ടു സീസണിൽ എ.ടി.കെക്കു വേണ്ടിയും ഉജ്വല പ്രകടനം കാഴ്ച വെച്ചു. രണ്ടു സീസണിലായി അവർക്കു വേണ്ടി 18 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ തോൽപിച്ച് കിരീടമുയർത്തുകയും ചെയ്തു.
ഹ്യൂമിനെ തിരിച്ചു പിടിക്കുക പ്രധാന ലക്ഷ്യമായി ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് നിശ്ചയിക്കുകയായിരുന്നു. എ.ടി.കെ മാനേജ്‌മെന്റിൽ അടിമുടി മാറ്റം വരുന്ന സാഹചര്യത്തിൽ ഹ്യൂമിനും ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്താൻ ആഗ്രഹമുണ്ടായിരുന്നു. ഞായറാഴ്ച ആഭ്യന്തര കളിക്കാരുടെ ലേലം കഴിയാൻ കാത്തുനിൽക്കുകയായിരുന്നു ഇരു വിഭാഗവും. സി.കെ വിനീതിന് കൂട്ടായി ഹ്യൂം എത്തുന്നതോടെ രണ്ട് ജനപ്രിയ താരങ്ങളായിരിക്കും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം നയിക്കുക.