കോഴിക്കോട്- മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണമുയർന്ന മാർക്ക് ദാന സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കളവ് കണ്ടുപിടിക്കുമ്പോൾ മോഷണ മുതൽ തിരിച്ചുകൊടുത്ത് മാതൃക കാണിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് ഫിറോസ് ആരോപിച്ചു.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മന്ത്രി ശ്രീ.കെ.ടി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ അദീബ് രാജി വെച്ചത് പോലെ പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയ മന്ത്രിയുടെ മാർക്ക് ദാനവും ഇപ്പോൾ റദ്ധാക്കിയിരിക്കുന്നു. അദീബ് വാങ്ങിയ ശമ്പളം തിരിച്ചടച്ചത് പോലെ തോറ്റ വിദ്യാർത്ഥികൾ ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനും തീരുമാനിച്ചിരിക്കുന്നു.
തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക. പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക. എന്നിട്ട് ഒരുളുപ്പുമില്ലാതെ മന്ത്രിയായി തുടരാൻ അനുവാദം നൽകുക. ഇതിനെയാണ് കേരളത്തിലിപ്പോൾ എൽ.ഡി.എഫ് സർക്കാർ എന്ന് വിളിക്കുന്നത്.