കോഴിക്കോട്- ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തുണ്ടായ പാലാ മോഡല്‍ തോല്‍വി രാഷ്ട്രീയകാരണങ്ങളാലല്ലെന്നും മഞ്ചേശ്വരത്തെയും അരൂരിലെയും എറണാകുളത്തെയും യു.ഡി.എഫ് വിജയത്തിന് പത്തരമാറ്റ് തിരളക്കമുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും അനൈക്യവും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലെ വീഴ്ചയും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തല്‍.
സിറ്റിംഗ് മണ്ഡലങ്ങളിലെ തോല്‍വികള്‍ ഗൗരവത്തോടെ യു.ഡി.എഫ് വിലയിരുത്തണം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 38519 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ 2075 വോട്ടിന്റെ വിജയത്തിന് നാല്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷ മേനിയുണ്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത് ഭൂരിപക്ഷം 7923 വോട്ടായി വര്‍ധിപ്പിച്ചാണ് ബി.ജെ.പിയെ കെട്ടുകെട്ടിച്ചത്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ യു.ഡി.എഫ് മുസ്ലിംലീഗ് നേതാവ് എം.സി ഖമറുദ്ദീനിലൂടെ മതേതര കേരളത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയതെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.