ആലപ്പുഴ- അരൂരിലെ ചുവപ്പ് കോട്ടയിൽ കോൺഗ്രസിന്റെ ത്രിവർണ പതാക പാറിച്ച ഷാനിമോൾ ഉസ്മാനിത് മിന്നും ജയം. അരൂരിൽ ആദ്യമായി കൈപ്പത്തിയിൽ വിജയം നേടിയ ഷാനിമോൾ മണ്ഡലത്തിൽ നിന്നുള്ള അഞ്ചാമത്തെ എം.എൽ.എയും രണ്ടാമത്തെ വനിതാ പ്രതിനിധിയുമാണ്. മുന്നണി സംവിധാനം വന്ന ശേഷം രണ്ട് തവണ ജെ.എസ്.എസ് നേതാവ് കെ.ആർ.ഗൗരിയമ്മ മാത്രമാണ് യു.ഡി.ഫിൽനിന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.
മണ്ഡലം രൂപവത്കരിക്കപ്പെട്ട ശേഷം ആകെ നാല് പേർ മാത്രമേ ഇവിടെ നിന്നു നിയമസഭയിലെത്തിയിട്ടുള്ളു. ഇതിൽ ഒമ്പത് തവണയും ഇരു മുന്നണികളിലായി കെ.ആർ.ഗൗരിയമ്മയായിരുന്നു. കോൺഗ്രസിൽ നിന്ന് പി.എസ്.കാർത്തികേയൻ രണ്ടു തവണയും സി.പി.ഐയിൽനിന്ന് പി.എസ്.ശ്രീനിവാസൻ ഒരു തവണയും സി.പി.എമ്മിൽനിന്ന് എ.എം.ആരിഫ് മൂന്ന് തവണയും.
അരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്ന അഞ്ചാമത്തെയാളാണ് ഷാനിമോൾ ഉസ്മാൻ. മഹിളാ നേതാവെന്ന നിലയിൽ ദേശീയ, അന്തർദേശീയ തലത്തിൽ തിളങ്ങി നിൽക്കുന്ന ഷാനിമോൾക്ക് ജനപ്രതിനിധി സഭകൾ ബാലികേറാമലയായിരുന്നു. പല തവണ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയം കൈപ്പിടിയിലൊതുങ്ങിയിരുന്നില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ആലപ്പുഴയിൽ ഷാനിമോളെ വിജയം കൈവിട്ടത്. കേരളത്തിൽ മത്സരിച്ച മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ഷാനിമോളെ മാത്രം നിർഭാഗ്യം പിന്തുടർന്നു.
അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോളുടെ പേര് പ്രഖ്യാപിക്കുന്നത് അവസാന നിമിഷമാണ്. ഈ ഘട്ടത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ ഒരു ഘട്ട മണ്ഡല പര്യടനം പൂർത്തിയാക്കിയിരുന്നു. ഷാനിമോൾക്കെതിരെ തുടക്കത്തിൽ പാർട്ടിക്കുള്ളിൽ അപസ്വരങ്ങളുയർന്നെങ്കിലും നേതാക്കളിടപെട്ട് അത് എളുപ്പം പരിഹരിച്ചു. യൂത്ത് കോൺഗ്രസ് വനിതാ നേതാവ് വിമതയായി മത്സര രംഗത്ത് തുടർന്നെങ്കിലും പാർട്ടിക്കാർ ആരും തന്നെ പിന്തുണക്കാനില്ലാതായതോടെ അവരുടെ മത്സരം പേരിലൊതുങ്ങി. പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതീക്ഷയോടെയാണ് സി.പി.എം കളത്തിലിറങ്ങിയത്. സംസ്ഥാന നേതാക്കളും മന്ത്രിമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മന്ത്രിമാർ വീട്ടുപടിക്കലെത്തി വോട്ടർമാരോട് വോട്ട് അഭ്യർഥിച്ചത് അരൂരുകാർക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസമാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായി മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതനും യുവനേതാവുമായ മനു സി.പുളിക്കലിനെ മുൻകൂട്ടി പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണ രംഗത്തിറങ്ങിയിട്ടും തിരിച്ചടിയുണ്ടായത് പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചുവപ്പ് കോട്ടയായാണ് അരൂർ അറിയപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മന്ത്രി ജി.സുധാകരന്റെ പൂതന പരാമർശവും പെരുമാറ്റചട്ടം നിലവിൽ വന്ന ശേഷം നടന്ന റോഡ് നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്റെ പേരിൽ ഷാനിമോൾക്കെതിരെ ക്രിമിനൽ കേസെടുത്തതുമെല്ലാം ഫലത്തിൽ സി.പി.എമ്മിനെ തിരിഞ്ഞുകുത്തി. കപ്പിനും ചുണ്ടിനുമിടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവിട്ടതും പല തവണ മത്സരിച്ചിട്ടും തോൽവിയിൽ കലാശിച്ചതും ഇനിയൊരു അവസരമില്ലാതെ രാഷ്ട്രീയ ഭാവി തന്നെ ഇരുളടയുമെന്നതുമെല്ലാം സ്ത്രീ വോട്ടർമാരുടെ മനസ്സിനെ സ്വാധീനിച്ചെന്നു വേണം കരുതാൻ. ഇതിനും പുറമെ, മുമ്പൊരിക്കലുമില്ലാത്തതും മറ്റെവിടെയും കാണാത്തതുമായ കോൺഗ്രസിലെയും മുന്നണിയിലെയും കെട്ടുറപ്പും ഐക്യവും ഷാനിമോളുടെ വിജയത്തിന് അനുകൂല ഘടകമായി.