റിയാദ് - ഇറാനുമായി ഏതെങ്കിലും രീതിയിൽ ചർച്ച നടത്തുന്നതിന് സൗദി അറേബ്യ എതിരാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ. ശത്രുതാപരമായ പ്രവർത്തനങ്ങൾ തുടരുന്നതിന് ആഗോള സമൂഹം ഇറാനെ അനുവദിക്കില്ല. ഇറാന്റെ പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഇറാൻ ഭരണകൂടത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇറാനികളാണ്. ഇറാനിലെ ഭരണമാറ്റം സൗദി അറേബ്യയുടെ കാര്യമല്ല.
ഇറാനിലേത് വിപ്ലവ ഭരണകൂടമാണോ അതല്ല, ലോക നിയമങ്ങൾ ബാധകമായ സാദാ ഭരണകൂടമാണോയെന്ന് തങ്ങൾക്കറിയില്ല. ഓരോ തവണയും സൗദി അറേബ്യ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമ്പോഴും വിനാശകരമായ പ്രവർത്തനങ്ങളിലൂടെയാണ് ഇറാൻ മറുപടി നൽകുന്നത്. ഒരു രാഷ്ട്രം എന്നോണം ഇറാൻ പ്രവർത്തിക്കണം. ഇറാനുമായി സ്വീകരിക്കുന്ന തൃപ്തിപ്പെടുത്തൽ നയങ്ങൾ പ്രയോജനം ചെയ്യില്ല. ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയും ഇതിന് ഒരുവിധ പ്രത്യാഘാതങ്ങളുമുണ്ടാകില്ലെന്ന് കരുതുന്നതിനും ഇറാന് കഴിയില്ല. ഇറാനു മേൽ ഏറ്റവും കടുത്ത സമ്മർദം ചെലുത്തണം. ഇതു മാത്രമാണ് ഇറാനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നതിനുള്ള ഏക മാർഗം.
യെമൻ യുദ്ധം ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കു മേൽ അടിച്ചേൽപിക്കുകയായിരുന്നു. യെമനിൽ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകുന്നതിനും അൽഖാഇക്കും ഐ.എസിനും ഹൂത്തികൾക്കുമെതിരെ പോരാടുന്നതിനുമാണ് സൗദി അറേബ്യ മുൻഗണന നൽകുന്നത്. യെമനിൽ നിയമാനുസൃത ഭരണകൂടത്തിനും ഇടക്കാല ഭരണ സമിതിക്കും (ദക്ഷിണ യെമൻ വിഘടനവാദികൾ) ഇടയിലുള്ള സമാധാനം വൈകാതെ യാഥാർഥ്യമാകും. യെമൻ പുനർനിർമാണത്തിനുള്ള പദ്ധതികൾ സൗദിയുടെ പക്കലുണ്ട്. ഭൂരിഭാഗം മേഖലാ പ്രശ്‌നങ്ങളിലും സൗദി അറേബ്യക്കും റഷ്യക്കും സമാന നിലപാടാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.