Sorry, you need to enable JavaScript to visit this website.

റിലയൻസ് ഇടപാട് 2021 ൽ പൂർത്തിയാകുമെന്ന് അറാംകൊ

റിയാദ് - ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് കോർപറേഷനു കീഴിലെ റിഫൈനറി, പെട്രോകെമിക്കൽസ് പദ്ധതിയുടെ ഓഹരികൾ വാങ്ങുന്നതിനുള്ള സൗദി അറാംകൊ ഇടപാട് 2021 ൽ പൂർത്തിയാകുമെന്ന് അറാംകൊ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽഖുദൈമി അറിയിച്ചു. റിലയൻസ് ഇടപാട് സൗദി അറാംകൊയുടെ പ്രതിദിന എണ്ണ സംസ്‌കരണ ശേഷി 80 ലക്ഷത്തിലേറെ ബാരലായി ഉയർത്തും. ഇന്ത്യയും ചൈനയും പോലെ എണ്ണയാവശ്യത്തിൽ അതിവേഗ വളർച്ചയുള്ള വിപണികളിൽ നിർമാണം പൂർത്തിയാവുകയോ നിർമാണ ഘട്ടത്തിലുള്ളതോ ആയ റിഫൈനറി, പെട്രോകെമിക്കൽസ് പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അൽഖുദൈമി പറഞ്ഞു. 
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റുമധികം എണ്ണ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ എണ്ണ സംസ്‌കരണ, പെട്രോകെമിക്കൽസ് പദ്ധതിയുടെ 20 ശതമാനം ഓഹരികൾ സൗദി അറാംകൊക്ക് വിൽക്കുന്നതിന് ആഗ്രഹിക്കുന്നതായി റിലയൻസ് അറിയിച്ചിട്ടുണ്ട്. 7,500 കോടി ഡോളറിന്റെ ഇടപാടാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടാകുമിത്. 
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച നടത്തുന്ന റിയാദ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ അരക്കിട്ടുറപ്പിക്കുന്ന ദിശയിലെ പ്രധാന നാഴികക്കല്ലാകുമെന്നാണ് കരുതുന്നത്. ഉഭയകക്ഷിബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളിൽ പെടുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 19 ശതമാനവും സൗദിയിൽ നിന്നാണ്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും മോഡി നടത്തുന്ന കൂടിക്കാഴ്ചൾക്കിടെ മധ്യപൗരസ്യത്യദേശത്തെയും ദക്ഷിണേഷ്യയിലെയും പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്യും. ഇരു രാജ്യങ്ങളും തമ്മിൽ വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ഏതാനും കരാറുകളും ധാരണാപത്രങ്ങളും മോഡിയുടെ സന്ദർശനത്തിനിടെ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. പ്രതിരോധ, സുരക്ഷാ, ഇന്റലിജൻസ്, ഭീകര വിരുദ്ധ പോരാട്ട മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്. 
ഏതാനും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായികളും അടക്കമുള്ള ഉന്നതതല സംഘം ഇന്ത്യൻ പ്രധാനമന്ത്രിയെ അനുഗമിച്ച് റിയാദിലെത്തും. ഇരു രാജ്യങ്ങളിലും ലഭ്യമായ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യൻ വ്യവസായികൾ സൗദി വ്യവസായികളുമായി ചർച്ച നടത്തും. സൗദിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ വൈവിധ്യവൽക്കരണവും പരസ്പര നിക്ഷേപം വർധിപ്പിക്കലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശന അജണ്ടയിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. 
പശ്ചാത്തല വികസന മേഖലയിൽ വൻതോതിൽ സൗദി നിക്ഷേപം ആകർഷിക്കുന്നതിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുള്ളതായി ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യൻ സന്ദർശനത്തിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തിയിരുന്നു. 

Latest News