റിയാദ് - സൗദി അറേബ്യ നാലു വർഷത്തിനിടെ യെമന് 1,600 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയതായി കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ. 'യെമനിൽ സൗദി അറേബ്യ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾ... വെല്ലുവിളികളും പോംവഴികളും' എന്ന ശീർഷകത്തിൽ ഇറ്റലിയിലെ സൗദി എംബസിയുമായി സഹകരിച്ച് കിംഗ് സൽമാൻ റിലീഫ് സെന്റർ റോമിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെമനിലെ എല്ലാ പ്രവിശ്യകളിലും സുതാര്യമായും പക്ഷപാതിത്വരഹിതമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ ആക്രമണങ്ങൾ മൂലം യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നുണ്ട്.
2015 മേയ് മുതൽ ഇതുവരെ സൗദി അറേബ്യ യെമന് 1,600 കോടി ഡോളർ സഹായം നൽകിയിട്ടുണ്ട്. ഇതിൽ 239.4 കോടി ഡോളർ കിംഗ് സൽമാൻ റിലീഫ് സെന്റർ വഴിയാണ് ചെലവഴിച്ചത്. 80 പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് യെമനിൽ 371 റിലീഫ് പദ്ധതികൾ നടപ്പാക്കി. യെമനിൽ കോളറ നിർമാർജനത്തിനുള്ള ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും അഭ്യർഥന മാനിച്ച് 66.7 ദശലക്ഷം ഡോളർ സൗദി അറേബ്യ സംഭാവന നൽകി. ജനവാസ കേന്ദ്രങ്ങളിൽ കുഴിച്ചിട്ട മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയും ഹൂത്തികൾ സായുധ സംഘർഷത്തിലേക്ക് റിക്രൂട്ട് ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയും കിംഗ് സൽമാൻ റിലീഫ് സെന്റർ നടപ്പാക്കുന്നുണ്ട്. സംഘർഷത്തിൽ അംഗവൈകല്യം നേരിട്ടവർക്ക് കൃത്രിമ അവയവങ്ങൾ നിർമിച്ചു നൽകുന്ന കേന്ദ്രങ്ങളും കിംഗ് സൽമാൻ സെന്റർ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഹൂത്തികൾ ജനവാസ കേന്ദ്രങ്ങളിൽ വിമാനവേധ ആയുധങ്ങൾ ഉപയോഗിക്കുകയും മൈനുകൾ കുഴിച്ചിടുകയും കുട്ടികളെ നിർബന്ധിച്ച് യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുകയും റിലീഫ് വസ്തുക്കൾ വഹിച്ച കപ്പലുകൾ തട്ടിയെടുത്ത് വിൽപന നടത്തുകയും റിലീഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ആശുപത്രികൾക്കും സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ആക്രമണങ്ങൾ നടത്തുന്നു. ഇത്തരം ആക്രമണങ്ങളിലൂടെ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. ഇത് അർഹരായവർക്ക് സഹായം എത്തിക്കുന്നതിന് കാലതാമസമുണ്ടാക്കുകയോ സഹായം തടയുകയോ ചെയ്യുന്നു.
ഇത്തരം ആക്രമണങ്ങൾക്കിടെയും ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അടക്കം യെമനിൽ എല്ലായിടത്തും കിംഗ് സൽമാൻ റിലീഫ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു. റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിച്ച് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് സെന്റർ പലതവണ പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്. ഹൂത്തികളെ തടയുന്നതിനും ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരോട് കണക്കു ചോദിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്നും കിംഗ് സൽമാൻ സെന്റർ പ്രസ്താവനകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഇറ്റലിയിലെ സൗദി അംബാസഡർ ഫൈസൽ ബിൻ സത്താം രാജകുമാരൻ, യെമൻ പ്രാദേശിക ഭരണ കാര്യ മന്ത്രിയും യെമൻ സുപ്രീം റിലീഫ് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുറഖീബ് ഫത്ഹ്, യെമൻ ഡെപ്യൂട്ടി മനുഷ്യാവകാശ മന്ത്രി ഡോ. സമീർ അൽശൈബാനി എന്നിവരും ഇറ്റലിയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളും ലോക ഭക്ഷ്യ പ്രോഗ്രാം ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും യു.എൻ, സിവിൽ സംഘടനാ പ്രതിനിധികളും മറ്റും സെമിനാറിൽ സംബന്ധിച്ചു.