Sorry, you need to enable JavaScript to visit this website.

അജ്മാനില്‍ ഒരു സുകുമാരക്കുറുപ്പ്; രണ്ടുവര്‍ഷം മുമ്പ് 'മരിച്ച'യാള്‍ തട്ടിക്കുന്നത് കോടികള്‍

അജ്മാന്‍- ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മറ്റൊരാളെ കൊന്ന് അത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച് മുങ്ങിയ സുകുമാരക്കുറുപ്പിനെ കേരളം ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. സുകുമാരക്കുറുപ്പിന് സമാനമായൊരു കഥ യു.എ.ഇയിലെ അജ്മാനില്‍നിന്ന് പുറത്തുവന്നിരിക്കുന്നു. അപകടത്തില്‍ രണ്ടു വര്‍ഷം മുമ്പ് 'മരിച്ച' പാക്കിസ്ഥാനി ഹയ്യാബ് ആരിഫ് അജ്മാനില്‍ സ്വന്തമായി കമ്പനി സ്ഥാപിച്ച് കോടികളുടെ ബിസിനസ് നടത്തുകയാണ്. ഇയാളുടെ തട്ടിപ്പിനിരയായ നിരവധി ബിസിനസുകാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്.

ബഹ്‌റൈനില്‍നിന്ന് മടങ്ങവെ ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ ചൗധരി ഹയ്യാബ് ആരിഫ് കംബോഹ് എന്നയാള്‍ മരിച്ചെന്നാണ് രേഖകള്‍. 2017 ജൂലൈ 19 നാണ് മരണം. ഹയ്യാബിന്റെ മരണത്തില്‍ പ്രമുഖ പാക്കിസ്ഥാന്‍ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദ ഖൗമി മൂവ്‌മെന്റ് നേതാക്കള്‍ വരെ അനുശോചിച്ചിരുന്നു. എം.ക്യു.എം പ്രവര്‍ത്തകനായിരുന്നു ഇയാള്‍.

വെള്ളത്തുണിയില്‍ പൊതിഞ്ഞ് മൂക്കില്‍ പഞ്ഞി തിരുകിയ ഹയ്യാബിന്റെ ചിത്രം അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ച് ഹയ്യാബിന്റെ സഹോദരന്‍ മിയാന്‍ സര്‍യാബ് എന്ന 20 കാരന്‍ അന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റും നിരവധി പേര്‍ കണ്ടിരുന്നു.
എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഹയ്യാബിന്റെ തട്ടിപ്പിനിരയായി എന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികളാണ് ഇയാളുടെ തട്ടിപ്പില്‍ പെട്ടിരിക്കുന്നത്. നിരവധി ഇന്ത്യന്‍, ഇന്തോനേഷ്യന്‍ കയറ്റുമതി കമ്പനികള്‍ ഹയ്യാബ് ആരിഫ് അജ്മാന്‍ ഫ്രീ സോണില്‍ ആരംഭിച്ച എച്ച്ആന്റ് എംസഡ് ഗ്ലോബല്‍ വേള്‍ഡ് വൈഡ് എന്ന കമ്പനിക്ക് കോടികളുടെ പഴങ്ങളും പച്ചക്കറികളുമാണ് നല്‍കിയത്. ഒന്നിനും പണം കിട്ടിയിട്ടില്ല. മരിച്ച് 14 മാസത്തിന് ശേഷമാണ് കമ്പനി തുടങ്ങിയിരിക്കുന്നത്.

24 മണിക്കൂറിനകം പണം നല്‍കാമെന്ന് പറഞ്ഞാണ് സാധനം ഇറക്കുമതി ചെയ്യുന്നതെങ്കിലും പണം കൊടുക്കാറില്ല. ലക്ഷക്കണക്കിന് ദിര്‍ഹമാണ് പല കമ്പനികള്‍ക്കും കിട്ടാനുള്ളത്.

http://www.malayalamnewsdaily.com/sites/default/files/2019/10/23/copy.jpg

ഹയ്യാബിന്റെ മരണ സര്‍ട്ടിഫിക്കറ്റ്

130000 ദിര്‍ഹം കിട്ടാനുള്ള മുംബൈക്കാരനായ ബിസിനസുകാരന്‍ വിജയ് റൂപാരെന്‍ ഹയ്യാബിനെത്തേടി അജ്മാനിലെത്തിയിരുന്നു. ഇയാളെ സ്വീകരിക്കാന്‍ ഹയ്യാബിന്റെ മാനേജര്‍ എയര്‍പോര്‍ട്ടിലെത്തി. റൂപാറെനിനെ മുന്തിയ ഹോട്ടലില്‍ താമസിപ്പിച്ചു. പിറ്റേന്ന് ഹയ്യാബിനെ അയാളുടെ ഓഫീസിലെത്തി നേരില്‍ കണ്ടു. സംസാരത്തില്‍ വീണുപോയ റുപാറെന്‍ സാധനങ്ങളുടെ ബില്‍ നല്‍കിയതോടെ തുറമുഖത്തുനിന്ന് ഇയാള്‍ സാധനങ്ങള്‍ എടുത്തു. പിറ്റേന്ന് പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഹയ്യാബിനെ ഒരിക്കലും കാണാന്‍ സാധിച്ചില്ലെന്ന് റൂപാരെന്‍ പറയുന്നു.

ഫോണെടുക്കുകയും വാട്‌സാപ് മെസേജുകളയക്കുകയും ചെയ്യുന്ന പരേതന്‍ പലപ്പോഴും തന്റെ ഇടപാടുകാരെ പരിഹസിക്കുകയും ചെയ്യുന്നു. താന്‍ തട്ടിപ്പുകാരനാണെന്നും തന്നേക്കാള്‍ വലിയ തട്ടിപ്പുകാരന്‍ ഇനി ജനിക്കണമെന്നും ഈയാള്‍ സന്ദേശങ്ങളില്‍ വീരസ്യം മുഴക്കുന്നു.

ഇയാളുടെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകനോട് താന്‍ മരിച്ചെന്ന വാദം ഇയാള്‍ നിഷേധിച്ചു. ഇങ്ങനെ വാര്‍ത്ത പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. എം.ക്യു.എം അനുശോചനം പ്രകടിപ്പിച്ച സാഹചര്യവും അറിയില്ല, അനുജന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നത്രെ ഒഴുക്കന്‍ മറുപടി.

പല ഇടപാടുകാരും പോലീസിനെ സമീപിച്ചെങ്കിലും കോടതിയെ സമീപിക്കാനാണ് നിര്‍ദേശമത്രെ. വിദേശത്ത് പ്രവര്‍ത്തിക്കുന്ന പല കമ്പനികള്‍ക്കും യു.എ.ഇയിലെത്തി കോടതി വ്യവഹാരങ്ങളില്‍ മുങ്ങാന്‍ താല്‍പര്യമില്ലാത്തതും ഇയാള്‍ക്ക് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ വളമാകുന്നുണ്ട്.
ഹയ്യാബിന്റെ മരണ വാര്‍ത്തയും ഇപ്പോഴത്തെ തട്ടിപ്പുകളും വലിയ തട്ടിപ്പിന്റെ ആദ്യ ഭാഗമാണെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നുമാണ് ഇയാളുടെ ഇരകള്‍ കരുതുന്നത്.

 

 

Latest News