Sorry, you need to enable JavaScript to visit this website.

സെൽഫി പൊലിമക്ക് കാലിക്കറ്റ്  കാമ്പസിൽ വ്യൂ പോയിന്റ് ഒരുങ്ങി 

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിൽ 'ആലില' മാതൃകയിൽ വ്യൂ പോയിന്റ് ഒരുങ്ങി. 
സർവകലാശാല എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ നവീകരണത്തിന്റെ ഭാഗമായാണ് പരീക്ഷാ ഭവനു മുന്നിലെ ഗാർഡൻ പ്രദേശത്ത് ഇരുമ്പു തകിടു കൊണ്ട് ആലില ആകൃതിയിൽ കൈവരികളോടു കൂടിയ ആകർഷകമായ വ്യൂ പോയിന്റ് സ്ഥാപിച്ചത്. 
രണ്ടു ലക്ഷം രൂപ ചെലവിൽ തുടങ്ങിയ പദ്ധതി പ്രവൃത്തി അവസാനഘട്ടത്തിലാണ്. 
17 ലക്ഷം രൂപ ചെലവിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ നവീകരണത്തിന്റെ ഭാഗമായാണ് പ്രവൃത്തി. കോൺക്രീറ്റ് പില്ലറുകൾക്കു മുകളിലായി ഇരുമ്പു ഷീറ്റ് വെട്ടിയെടുത്ത് ആലില ആകൃതിയിൽ തയാറാക്കി പച്ച പെയിന്റടിച്ച് സ്ഥാപിച്ചാണ് വ്യൂ പോയിന്റ് ഒരുക്കിയിരിക്കുന്നത്. ബൊട്ടാണിക്കൽ ഗാർഡനിലെ കുളത്തിന്റെ പശ്ചാത്തലത്തിൽ ഗാർഡൻ ഒന്നാകെ നോക്കി കാണാനാകുന്ന വിധത്തിലാണ് സംവിധാനം. വ്യൂ പോയിന്റിനു സെൽഫി പോയിന്റെന്നും എൻജിനീയറിംഗ് വിഭാഗം അധികൃതർ പേരിട്ടിട്ടുണ്ട്. എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ ഡിസൈൻ പ്രകാരം കരാറുകാരനാണ് ഒന്നര ടൺ ഭാരമുള്ള ആലില ആകൃതിയിലുള്ള വ്യൂ പോയിന്റ് സംവിധാനമൊരുക്കിയത്. ബോട്ടുകൾക്കു അടിയിൽ തുരുമ്പു വരാതിരിക്കാൻ പൂശുന്ന പെയിന്റടിച്ച ശേഷമാണ് വ്യൂ പോയിന്റ് സജ്ജീകരിച്ചത്. ഉദ്ഘാടനത്തിനു മുമ്പു തന്നെ വ്യൂ പോയിന്റിൽ പ്രവേശിച്ച് വിദ്യാർഥികളിൽ പലരും സെൽഫിയെടുക്കുന്നുണ്ട്.

Latest News