Sorry, you need to enable JavaScript to visit this website.

നസ്രാണി പലഹാരങ്ങളും തനത് നാടന്‍ ഭക്ഷണവുമായി അബുദാബിയില്‍ കൊയ്ത്തുത്സവം

അബുദാബി- അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന കൊയ്ത്തുത്സവത്തോടനുബന്ധിച്ച് തനത് ഭക്ഷ്യവിഭവ മേളയും. യു.എ.ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇത്തവണ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1500 ഓളം കുടുംബങ്ങളാണ് ഇടവകയുടെ കീഴില്‍ അബുദാബിയിലുള്ളത്. ഇവരെല്ലാം വീടുകളില്‍ പാകംചെയ്യുന്ന ഭക്ഷ്യവിഭവങ്ങള്‍ അമ്പതോളം സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തും. നസ്രാണി പലഹാരങ്ങളും കേരളത്തിലെ തനത് നാടന്‍ ഭക്ഷണങ്ങളും പ്രത്യേകതകളായിരിക്കും. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, പുസ്തകങ്ങള്‍, ഔഷധച്ചെടികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകളും ഒരുക്കും. രാവിലെ 11 മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
വൈകീട്ട് നാലിന് ആരംഭിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ചാര്‍ജ് ദി അഫയേഴ്‌സ് സ്മിത പാന്ത് നിര്‍വഹിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷത വഹിക്കും.

 

Latest News