റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിലെ ആഭ്യന്തര ടെർമിനലായ അഞ്ചാം നമ്പർ ടെർമിനലിൽ കാർ പാർക്കിംഗ് ശേഷി ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം റിയാദ് എയർപോർട്‌സ് കമ്പനി പൂർത്തിയാക്കി. റിയാദ് എയർപോർട്ടിൽ നടപ്പാക്കുന്ന വികസന പദ്ധതികളുടെയും വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെയും ഭാഗമായാണ് അഞ്ചാം നമ്പർ ടെർമിനലിൽ പാർക്കിംഗ് ശേഷി ഉയർത്തിയത്.
വികസന പദ്ധതിയുടെ ഭാഗമായി അഞ്ചാം നമ്പർ ടെർമിനലിലെ പാർക്കിംഗ് ഏരിയ പുനഃക്രമീകരിക്കുകയും ടെർമിനലിന്റെ തെക്കു ഭാഗത്ത് പുതിയ പാർക്കിംഗുകൾ നിർമിക്കുകയും ചെയ്തു. 305 പാർക്കിംഗുകൾ ജീവനക്കാർക്കായി നീക്കിവെച്ചിട്ടുണ്ട്. വികസന പദ്ധതിയിലൂടെ അഞ്ചാം നമ്പർ ടെർമിനൽ പാർക്കിംഗ് ശേഷി 24 ശതമാനം തോതിൽ വർധിച്ചു. യാത്രക്കാരുടെയും പാർക്കിംഗ് ഉപയോഗിക്കുന്നവരുടെയും എണ്ണത്തിൽ വരും വർഷങ്ങളിലുണ്ടാകുന്ന വർധനവ് മുന്നിൽ കണ്ടാണ് പാർക്കിംഗ് വികസിപ്പിച്ചത്.
എസ്.ടി.സി പേ ആപ്പ് വഴി നേരിട്ട് പാർക്കിംഗ് ഫീസ് അടക്കുന്നതിന് അവസരമൊരുക്കുന്ന സംവിധാനം റിയാദ് എയർപോർട്‌സ് കമ്പനി അടുത്തിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ടെർമിനലിൽ എത്തുന്നവർക്കും ഇതുവഴി യാത്ര ചെയ്യുന്നവർക്കും എളുപ്പമായി മാറുന്നതിനും സമയവും അധ്വാനവും ലാഭിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പാർക്കിംഗ് ഫീസ് അടക്കുന്നതിന് വ്യത്യസ്ത പോംവഴികൾ റിയാദ് എയർപോർട്‌സ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം നമ്പർ ടെർമിനലിനു മുന്നിലെ റോഡുകൾ പുനഃക്രമീകരിക്കുന്ന പദ്ധതിയും റിയാദ് എയർപോർട്‌സ് കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. വാഹന ഗതാഗതം എളുപ്പമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും ടെർമിനലിലേക്ക് വരുന്നവർക്കും ടെർമിനലിൽ നിന്ന് പുറത്തുപോകുന്നവർക്കും വെവ്വേറെ റോഡുകൾ നീക്കിവെച്ചിട്ടുണ്ട്.