Sorry, you need to enable JavaScript to visit this website.

മക്കയും മദീനയും  വരുതിയിലാക്കുക ഇറാന്റെ ലക്ഷ്യം  -തുർക്കി അൽഫൈസൽ

തുർക്കി അൽഫൈസൽ രാജകുമാരൻ

റിയാദ് - മക്കയിലെയും മദീനയിലെയും വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ വരുതിയിലാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് അമേരിക്കയിലെ മുൻ സൗദി അംബാസഡറും മുൻ സൗദി രഹസ്യാന്വേഷണ ഏജൻസി തലവനുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ജർമനിലെ ഡീ വെൽറ്റ് ദിനപ്പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കയിലെയും മദീനയിലെയും വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ വരുതിയിലാക്കാൻ ആഗ്രഹിക്കുന്നതായി ഇറാൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇറാനികളുടെ വെളിപ്പെടുത്തൽ എന്തുകൊണ്ടാണ് ചിലർ ഗൗരവത്തിലെടുക്കാത്തത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല. 
2009 ൽ കടുത്ത ഉപരോധങ്ങളാണ് ആണവ കരാർ പ്രശ്‌നത്തിൽ ചർച്ചകൾക്ക് ഇറാനെ നിർബന്ധിതമാക്കിയത്. ഗൾഫിലെ സംഘർഷഭരിതമായ സ്ഥിതിഗതികൾക്ക് പരിഹാരം കാണുന്നതിനും ഇറാനെ ചെറുക്കുന്നതിനും ആഗോള സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയെന്നതാണ് ഇറാൻ നേതാക്കളുടെ അന്തിമ ലക്ഷ്യം. തങ്ങളുടെ മനസ്സിൽ ഒളിപ്പിച്ചുവെക്കുന്ന കാര്യങ്ങൾ ഇറാനികൾ പ്രകടിപ്പിക്കാറില്ല. ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി ഒഴിവാക്കാൻ പാടില്ല. 
ആണവ പദ്ധതി സമഗ്ര പരിശോധനക്ക് വിധേയമാക്കൽ, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിർത്തിവെക്കൽ, മറ്റു രാജ്യങ്ങളിലെ മിലീഷ്യകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ എന്നിവ അടക്കമുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രമേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ചർച്ചകൾക്ക് തയാറാവുകയുള്ളൂ. എന്നാൽ യൂറോപ്യന്മാർ എന്തു വില കൊടുത്തും ഇറാനുമായി ചർച്ചകൾ നടത്തുന്നതിനാണ് ആഗ്രഹിക്കുന്നത്. 
തുടക്കം മുതൽ ചർച്ചകൾ ആണവ പ്രശ്‌നത്തിലേക്ക് മാത്രം ചുരുക്കുന്നതിനാണ് ഇറാനികൾ തന്ത്രം കാണിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇതിന് വഴങ്ങി. ആഗോള സമൂഹവുമായി ആണവ കരാർ ഒപ്പുവെച്ച ശേഷം ഇറാനികൾ എന്താണ് ചെയ്തത് എന്ന കാര്യം പരിശോധിക്കണം. ആണവ കരാർ ഒപ്പുവെച്ചതിലൂടെ വീണ്ടുകിട്ടിയ ഭീമമായ പണം റോഡുകളും സ്‌കൂളുകളും നിർമിക്കുന്നതിനല്ല ഇറാൻ ഉപയോഗിച്ചത്, മറിച്ച് ആണവ കരാർ ഒപ്പുവെച്ച അവസരം മുതലെടുത്ത് മിലീഷ്യകളെ പിന്തുണക്കുകയും യൂറോപ്പിൽ ആളുകളെ കൊലപ്പെടുത്തുകയുമാണ് ഇറാൻ ചെയ്തത്. മറ്റു രാജ്യങ്ങളിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ആണവ കരാർ ഇറാനികളെ തടഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഇറാൻ ആണവ കരാർ പ്രശ്‌നത്തിൽ ട്രംപ് സ്വീകരിച്ച നിലപാടാണ് ശരി. 
ഹുർമുസ് ഉൾക്കടലിൽ സ്വതന്ത്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തി. ആഗോള സമൂഹം ഇത് നോക്കിനിൽക്കുകയായിരുന്നു. സൗദിയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവും ആഗോള സമൂഹം കൈയും കെട്ടി നോക്കിനിന്നു. ഈ ആക്രമണം മുഴുവൻ ലോകത്തിനും എതിരായ ആക്രമണമാണ്. ഈ പ്രശ്‌നത്തിന് ആഗോള സമൂഹം ഒറ്റക്കെട്ടായി മറുപടി നൽകണം. 
പരസ്പര സഹകരണത്തിനും സമാധാനത്തിനും ഇറാൻ സന്നദ്ധമല്ലെന്ന്, യൂറോപ്പിലേതിനു സമാനമായി മധ്യപൗരസ്ത്യദേശത്ത് സുരക്ഷക്കും സഹകരണത്തിനും സംഘടന സ്ഥാപിക്കുന്നതിനുള്ള സാധ്യതയെ കുറിച്ച ചോദ്യത്തിന് മറുപടിയായി തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഏറ്റവും ഒടുവിൽ കുവൈത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി സുരക്ഷാ, സഹകരണ കരാർ ഒപ്പുവെക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ച് ഇറാന് കത്തയച്ചിരുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, സൈനികാക്രമണം നടത്താതിരിക്കൽ, എണ്ണ-പ്രകൃതി വാതക മേഖലയിൽ പരസ്പര സഹകരണം എന്നിവ ഉറപ്പുവരുത്തുന്ന കരാർ ഒപ്പുവെക്കുന്നതിനുള്ള നിർദേശമാണ് ഇറാനു മുന്നിൽ ഗൾഫ് രാജ്യങ്ങൾ വെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിച്ചില്ല. ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാമെന്ന് ഭംഗിവാക്കായി പോലും ഇറാൻ നേതാക്കൾ പറഞ്ഞില്ലെന്ന് തുർക്കി അൽഫൈസൽ രാജകുമാരൻ കൂട്ടിച്ചേർത്തു. ഏതെങ്കിലും രൂപത്തിൽ ആണവായുധം നേടുന്നതിൽ നിന്ന് ഇറാനെ തടയുന്ന സമഗ്ര അന്താരാഷ്ട്ര കരാറുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന സൗദി മന്ത്രിസഭാ യോഗം ആവർത്തിച്ചിരുന്നു. 

 

Latest News