കണ്ണൂര്‍-ഒരു പൂച്ചക്കുട്ടി പോലും കൂടെയുണ്ടാവില്ലെന്ന ട്രോളുകള്‍ക്ക് മറുപടിയായി താന്‍ പുലിക്കുട്ടികളെ കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തി സംസ്ഥാന ഉപാധ്യക്ഷനായി മാറിയിരിക്കുന്ന എ.പി. അബ്ദുല്ലക്കുട്ടി പറയാറുള്ളത്.
മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിതിനു പിന്നാലെയാണ്
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലാതിരുന്നിട്ടും കേന്ദ്ര നേതൃത്വം ഇടപെട്ട് അദ്ദേഹത്തിനു സ്ഥാനം നല്‍കിയിരിക്കുുന്നത്.
മുസ്ലിം ന്യൂനപക്ഷത്തില്‍നിന്ന് പാര്‍ട്ടിയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ്
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പെട്ടന്നുള്ള നീക്കത്തിനുപിന്നില്‍. ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം മാസങ്ങള്‍ക്കകമാണ് സംസ്ഥാന നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ട് അബ്ദുല്ലക്കുട്ടിയെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയിരിക്കുന്നത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ലെന്ന കാര്യം വ്യക്തമാണ്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉശിരന്‍ പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും അബ്ദുല്ലക്കുട്ടിയുടെ സ്ഥാനക്കയറ്റം സംസ്ഥാന നേതൃത്വം ആലോചിച്ചിരുന്നില്ല. മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം കേരളത്തില്‍ വലിയ വെല്ലുവിളിയായാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്. ഏതാനും മുസ്ലിംകള്‍ നേരത്തെ തന്നെ ബി.ജെ.പിയോടൊപ്പം ഉണ്ടെങ്കില്‍ അവര്‍ക്കൊന്നും ഉന്നത പദവികള്‍ നല്‍കിയിട്ടില്ല.
അബ്ദുല്ലക്കുട്ടി രണ്ടുതവണ സി.പി.എം. എം.പിയും രണ്ടുതവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്നു. ഈ രണ്ടു പാര്‍ട്ടിയിലും സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ മുതിര്‍ന്ന ഭാരവാഹിത്വം ലഭിച്ചിരുന്നുമില്ല. രാജ്യത്ത് ശക്തമായ മുസ്ലിം വോട്ട് ബാങ്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 140 മണ്ഡലങ്ങളിലും നിര്‍ണായകസ്ഥാനം ഈ വോട്ട് ബാങ്ക് നിര്‍ണായകമാണ്. ഇതാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പയറ്റുന്ന പുതിയ അടവുകള്‍ക്ക് പിന്നില്‍.
മുസ്ലിംകളുടെ പൊതുമനോഭാവം മാറ്റാന്‍ അബ്ദുല്ലക്കുട്ടിയെ ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ സാധിക്കുമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് തന്നെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയിരിക്കുന്നതെന്ന് അബ്ദുല്ലക്കുട്ടി തന്നെ തുറന്നു പറയുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചപ്പോള്‍ ഉപദേശിച്ചതും ഇക്കാര്യം തന്നെയാണ്.
മഞ്ചേശ്വരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രാചരണ യോഗത്തില്‍ പൂച്ചക്കുട്ടികള്‍ക്ക് പകരം പുലിക്കുട്ടികള്‍ പാര്‍ട്ടിയിലേക്ക് വന്നു തുടങ്ങിയെന്ന അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശത്തിന് വന്‍കൈയടിയാണ് ലഭിച്ചത്.