റിയാദ്- വാണിജ്യ വഞ്ചന നടത്തിയ കേസിൽ റിയാദിൽ കാർഷികോപകരണങ്ങളും കാലിത്തീറ്റയും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് റിയാദ് ക്രിമിനൽ കോടതി 50,000 റിയാൽ പിഴ ചുമത്തി. സൗദി പൗരൻ ജിഹാദ് ആദിൽ ബഹ്ജത് റമദാന്റെ ഉടമസ്ഥതയിലുള്ള ജിഹാദ് റമദാൻ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്, വ്യാജ ഉൽപാദന തീയതി രേഖപ്പെടുത്തിയ കാലിത്തീറ്റ വിൽപന നടത്തിയ കേസിലാണ് പിഴ ചുമത്തിയത്. സ്ഥാപനം അടപ്പിക്കുന്നതിനും വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്.
സൗദി പൗരന്റെയും സ്ഥാപനത്തിന്റെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. കിഴക്കൻ റിയാദിലെ സുലൈ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു കീഴിലെ ഗോഡൗണിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാജ ഉൽപാദന തീയതി രേഖപ്പെടുത്തിയ കാലിത്തീറ്റ ശേഖരം കണ്ടെത്തുകയായിരുന്നു.