Sorry, you need to enable JavaScript to visit this website.

എ.ടി.എം കാർഡുകളുടെ പിൻ നമ്പറുകൾ ഫോണുകളിൽ സൂക്ഷിക്കരുതെന്ന് ബാങ്കുകൾ 

റിയാദ്- എ.ടി.എം കാർഡുകളുടെ പിൻ നമ്പറുകൾ (പാസ്‌വേഡുകൾ) മൊബൈൽ ഫോണുകളിലോ മറ്റു സ്ഥലങ്ങളിലോ സൂക്ഷിക്കരുതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി നിർദേശിച്ചു. പിൻ നമ്പറുകൾ മറ്റാർക്കും ലഭിക്കാത്ത നിലക്ക് ഓർമയിലാണ് സൂക്ഷിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി മറ്റാരുമായും പിൻ നമ്പറുകൾ പങ്കുവെക്കരുത്. ഒന്നിലധികം എ.ടി.എം കാർഡുകൾക്ക് ഒരേ പിൻ നമ്പർ ഉപയോഗിക്കാനും പാടില്ല. വിദേശ യാത്ര കഴിഞ്ഞ് സ്വദേശത്ത് തിരിച്ചെത്തിയാൽ പിൻ നമ്പറുകൾ പതിവായി മാറ്റുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തുടർച്ചയായിട്ടുള്ളതോ ആവർത്തിക്കുന്നതോ ആയ നമ്പറുകൾ പിൻ നമ്പറുകളായി ഉപയോഗിക്കരുതെന്നും മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി ഗുണദോഷിച്ചു. 
അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കൾ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനെതിരെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്നും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതു മൂലമുള്ള സാമ്പത്തിക ബാധ്യതകൾ വഹിക്കുന്നതിന് സാധിക്കുമെന്നും ഉറപ്പു വരുത്തുന്നതിന് ഇഷ്യു ചെയ്യുന്നതിനു മുമ്പായി ക്രെഡിറ്റ് കാർഡ് വ്യവസ്ഥകളും പ്രത്യേകതകളും ഫീസുകളും പലിശ നിരക്കുകളും മുൻകൂട്ടി മനസ്സിലാക്കണം. ഇന്റർനെറ്റ് വഴിയുള്ള പർച്ചേയ്‌സിംഗുകൾക്ക് നല്ല പേരുള്ള വിശ്വാസയോഗ്യമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം. കൂടാതെ കാർഡ് വിവരങ്ങൾ നൽകുമ്പോൾ സുരക്ഷിതമായ പെയ്‌മെന്റ് സംവിധാനം ഉണ്ടെന്നും ഉറപ്പുവരുത്തണം. ആന്റി വൈറസ് പ്രോഗ്രാമുകളും ഉപയോഗിക്കണം. ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ബാങ്കിനെയോ ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്ത സ്ഥാപനത്തെയോ എത്രയും വേഗം അറിയിക്കുകയും വേണം. കൂടുതൽ പലിശ നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നിശ്ചിത സമയത്തിനകം തന്നെ പണം അടക്കുന്നതിനോ മിനിമം തുക അടക്കുന്നതിനോ പ്രത്യേകം ശ്രദ്ധിക്കണമെന്നും മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി ആവശ്യപ്പെട്ടു. 

 

Latest News