ദുബായ്- മൊബൈലിലെ ഡേറ്റിംഗ് ആപ് ഉപയോഗിച്ച് രണ്ട് യുവതികളെ താമസസ്ഥലത്തേക്ക് വശീകരിച്ചുകൊണ്ടുവന്ന് ഒരാഴ്ചക്കിടെ 25 പ്രാവശ്യം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നൈജീരിയക്കാരനായ 32 കാരന്‍ വിചാരണ നേരിടുന്നു.
53 കാരിയായ സെര്‍ബിയക്കാരിയെ ഫ്‌ളാറ്റില്‍ കൊണ്ടുവന്ന് 20 തവണ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഇയാളെ കോടതി ഒരു വര്‍ഷത്തെ തടവിനും തുടര്‍ന്ന് നാടുകടത്താനും കഴിഞ്ഞ മെയില്‍ ശിക്ഷിച്ചിരുന്നു. ഇന്നലെയാണ് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ചുമത്തപ്പെട്ടത്. ഇതേ കാലയളവില്‍ 33 കാരിയായ ഉക്രൈന്‍കാരിയെ അഞ്ചുതവണ ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ കേസ്.
ഒരേ ഡേറ്റിംഗ് ആപ് ഉപയോഗിച്ചാണ് ഇയാള്‍ ഇരുവരേയും വലവീശിയത്. 2019 ജനുവരിയിലാണ് കുറ്റകൃത്യം. ദുബായ് മറീനയിലെ കഫേയില്‍ എത്താന്‍ തന്നെ പ്രേരിപ്പിച്ച പ്രതി പിന്നീട് പ്രലോഭിപ്പിച്ച് ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് ഉക്രൈന്‍ യുവതി മൊഴി നല്‍കി.
ഫ്‌ളാറ്റില്‍ കൊണ്ടുചെന്നയുടന്‍ ഒരു കത്തി കാട്ടി ഭയപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് തന്നെ ബന്ദിയാക്കി വെച്ച് നാലു തവണകൂടി ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയെ മോചിപ്പിച്ചയുടന്‍ അവര്‍ അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡി.എന്‍.എ പരിശോധനയില്‍ വാദിയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍വാദം കേള്‍ക്കലിന് കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.