ന്യൂദൽഹി - കശ്മീർ വിഷയത്തിൽ എതിരഭിപ്രായം പ്രകടിപ്പിച്ചവരെ വ്യാപാര മേഖലയിൽ ശിക്ഷിക്കാനുള്ള ഇന്ത്യയുടെ നീക്കം രാജ്യാന്തര തലത്തിൽ ചർച്ചയാകുന്നു. തുർക്കിയുമായുള്ള വ്യാപാര കരാറുകൾ റദ്ദാക്കുമെന്ന് സൂചന നൽകിയതിന് പിന്നാലെ മലേഷ്യയിൽനിന്ന് പാമോയിൽ വാങ്ങരുതെന്ന് ഇന്ത്യൻ കമ്പനികൾക്ക് നിർദേശം നൽകി.
സോൾവന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഈ നിർദേശം വ്യവസായികൾക്ക് നൽകിയിരിക്കുന്നത്. ദേശീയതാവികാരം ജ്വലിപ്പിച്ച് രാജ്യാന്തര വ്യാപാരത്തെ തടസ്സപ്പെടുത്തുന്നത് കരണീയമാണോയെന്ന ചർച്ചകൾക്ക് ഇതോടെ തുടക്കമായിട്ടുണ്ട്.
കശ്മീർ പ്രശ്‌നത്തിൽ ബഹുകക്ഷി ചർച്ച വേണമെന്ന് അഭിപ്രായപ്പെട്ട തുർക്കിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്താനിരുന്ന സന്ദർശനം റദ്ദാക്കുകയും തുർക്കിയുമായുളള ചില വ്യാപാര കരാറുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലേഷ്യക്കെതിരായ നീക്കം.
രണ്ടാം മോഡി സർക്കാരിന്റെ വിദേശനയത്തിൽ പ്രകടമായ മാറ്റങ്ങൾ വരുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തുന്നു. മലേഷ്യയിൽനിന്ന് ഇന്ത്യ പാമോയിൽ വാങ്ങാതിരുന്നാൽ അത് ആ രാജ്യത്തിന് ശക്തമായ തിരിച്ചടിയാകും. ലോകത്ത് പാമോയിൽ ഉൽപാദക രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് മലേഷ്യ. ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യവും മലേഷ്യയാണ്.
മലേഷ്യയിൽനിന്ന് പാമോയിലും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമുണ്ട്. 2018 ൽ 163 കോടി ഡോളറിന്റെ വ്യാപാരമാണ് ഈയിനത്തിൽ ഇന്ത്യയുമായി നടന്നത്. മലേഷ്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.8 ശതമാനം സസ്യ എണ്ണയാണ്. ആകെ കയറ്റുമതിയുടെ 4.5 ശതമാനവും ഇതാണ്.
ജനുവരിയിലെ മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതിയെ ഈ തീരുമാനം എപ്രകാരം ബാധിക്കുമെന്ന കാര്യം ഇന്ന് വിപണി തുറക്കുമ്പോഴേ കൃത്യമായ രൂപമാകൂ. മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ വാക്കുകൾക്ക് നമ്മുടെ സർക്കാർ കൃത്യമായ മറുപടി നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അതുൽ ചതുർവേദി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരുമായി ധാരണയിലെത്തുന്നതുവരെ മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതി ഒഴിവാക്കണമെന്നും വ്യാപാരികൾക്കുള്ള കത്തിൽ നിർദേശിക്കുന്നുണ്ട്.
കശ്മീരിൽ ഇന്ത്യ അധിനിവേശം നടത്തി കൈയടക്കിയിരിക്കുകയാണെന്ന് കഴിഞ്ഞ മാസം മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. ഇതേത്തുടർന്ന് മലേഷ്യയിൽനിന്നുള്ള ഇറക്കുമതി കുറക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അസോസിയേഷന്റെ നിർദേശം വന്നത്.
നവംബർ, ഡിസംബർ മാസങ്ങളിലെ പാമോയിൽ ഇറക്കുമതി ഇതിനകം തന്നെ ചില ഇന്ത്യൻ കമ്പനികൾ വേണ്ടെന്ന് വെച്ചിരുന്നു. മലേഷ്യക്ക് പകരം പല കമ്പനികളും ഇന്തോനേഷ്യയിലേക്കാണ് ഇറക്കുമതി ഓർഡർ നൽകുന്നത്.
മലേഷ്യയുടെ കശ്മീർ പ്രസ്താവനക്കെതിരെ കേന്ദ്രസർക്കാർ ശക്തമായി പ്രതികരിച്ചുവെങ്കിലും വ്യാപാരരംഗത്തെ നടപടികളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കേന്ദ്ര വാണിജ്യമന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരണത്തിന് വിസമ്മതിക്കുകയാണ് ചെയ്തത്.