ജിദ്ദ- ജിദ്ദയിൽ കീടനാശിനി, വിത്ത്, രാസവള വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 30 നിയമ ലംഘനങ്ങൾ കണ്ടെത്തി. വ്യാജ കീടനാശിനി വിൽപന, നിരോധിത കീടനാശിനികളുടെ വിൽപന, ഉൽപാദന തീയതി രേഖപ്പെടുത്താത്ത കീടനാശിനികളുടെ വിൽപന, വിത്തുകളും രാസവളവും ചില്ലറയായി വിൽപന നടത്തൽ എന്നീ നിയമ ലംഘനങ്ങളാണ് പരിശോധനകൾക്കിടെ കണ്ടെത്തിയതെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ സഈദ് ബിൻ ജാറല്ല അൽഗാംദി പറഞ്ഞു.
കീടനാശിനി ഉപയോഗവുമായി ബന്ധപ്പെട്ട സാങ്കേതിക വ്യവസ്ഥകളും നിയമ, നിർദേശങ്ങളും ഉൽപാദകരും വ്യാപാരികളും കർഷകരും പാലിക്കണം. തെറ്റായ രീതിയിലും നിയമ, നിർദേശങ്ങൾക്ക് വിരുദ്ധമായ നിലയിലും കീടനാശിനികൾ ഉപയോഗിക്കരുത്. ഈ രീതിയിൽ കീടനാശിനികൾ ഉപയോഗിക്കുന്നത് അവ കൈകാര്യം ചെയ്യുന്നവർക്കും വിൽക്കുന്നവർക്കും കർഷകർക്കും പരിസ്ഥിതിക്കും അപകടകരമാണ്. കീടനാശിനി വിരുദ്ധ നിയമം ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. കൂടാതെ കീടനാശിനികൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും.
നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കീടനാശിനി വിൽപന കേന്ദ്രങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തും. വ്യാജ കീടനാശിനികൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് കർഷകർ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ അറിയിക്കണം. വ്യാജവും നിരോധിതവും ഉറവിടം അറിയാത്തതുമായ കീടനാശിനികളും വിത്തുകളും പ്രാദേശിക വിപണിയിൽ ഇല്ലാതാക്കുന്നതിന് ഇത് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുമെന്നും എൻജിനീയർ സഈദ് ബിൻ ജാറല്ല അൽ ഗാംദി പറഞ്ഞു.