റിയാദ് - സൗദി, കുവൈത്ത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം അറിയിച്ചു. സംയുക്ത അതിർത്തി പ്രദേശത്ത് എണ്ണയുൽപാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി അറേബ്യയും കുവൈത്തും വേണ്ട വിധത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുകയാണെന്ന് കുവൈത്ത് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തു തന്നെ സമാനതയില്ലാത്ത നിലക്കുള്ള ബന്ധമാണ് സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ളത്. ഈ ബന്ധത്തിന് അനുസൃതമായ നിലക്കാണ് സംയുക്ത അതിർത്തിയിലെ എണ്ണയുൽപാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ രണ്ടു രാജ്യങ്ങളും ധാരണയിലെത്തിയത്. ഈ പ്രശ്‌നത്തിന് എന്നെന്നേക്കുമായി പരിഹാരം കാണുന്നതിൽ കുവൈത്ത് വിദേശ മന്ത്രാലയവും മറ്റു ബന്ധപ്പെട്ട വകുപ്പുകളും നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണെന്നും മർസൂഖ് അൽഗാനിം പറഞ്ഞു.
സംയുക്ത അതിർത്തി പ്രദേശത്ത് എണ്ണയുൽപാദനം പുനരാരംഭിക്കുന്നതിനുള്ള അന്തിമ കരാറിൽ സൗദി അറേബ്യയും കുവൈത്തും 45 ദിവസത്തിനകം ഒപ്പു വെച്ചേക്കുമെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഉൽപാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും നടത്തിയ ഊർജിതമായ ചർച്ചകൾ വിജയിക്കുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. കരാർ ഒപ്പുവെച്ചാൽ മാത്രമേ ഇത് അന്തിമമാവുകയുള്ളൂ. സംയുക്ത അതിർത്തിയിൽപെട്ട ഖഫ്ജിയിൽ വൈകാതെ എണ്ണയുൽപാദനം പുനരാരംഭിക്കുന്നതിന് സാധിക്കും. എന്നാൽ അൽവഫ്‌റ എണ്ണപ്പാടത്ത് ഉൽപാദനം പുനരാരംഭിക്കുന്നതിന് മൂന്നു മുതൽ ആറു മാസം വരെ എടുക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. സംയുക്ത അതിർത്തിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണയുൽപാദിപ്പിക്കുന്നതിന് കഴിയും. ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങൾ നാലു വർഷം മുമ്പാണ് അടച്ചിട്ടത്. കുവൈത്ത്, സൗദി അതിർത്തിയിലെ അൽവഫ്‌റ, ഖഫ്ജി എണ്ണപ്പാടങ്ങളിലെ ഉൽപാദനം ഇക്വഡോറിന്റെ ആകെ എണ്ണയുൽപാദനത്തിന് സമമാണ്.