Sorry, you need to enable JavaScript to visit this website.

സൗദി ഈ വര്‍ഷം എ.എം.എഫ് പ്രതീക്ഷിക്കുന്നതിലും ഉയർന്ന വളർച്ച കൈവരിക്കും -സാമ

റിയാദ് - അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നതിലും ഉയർന്ന വളർച്ചാ നിരക്ക് ഈ വർഷം സൗദി അറേബ്യ കൈവരിക്കുമെന്നാണ് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) പ്രതീക്ഷിക്കുന്നതെന്ന് സാമ ഗവർണർ അഹ്മദ് അൽഖുലൈഫി പറഞ്ഞു. എണ്ണയുൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര നാണയ നിധി സൗദി അറേബ്യയുടെ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് കണക്കാക്കുന്നത്. എന്നാൽ എണ്ണ, പെട്രോളിതര, സ്വകാര്യ മേഖലാ വളർച്ചകൾ അവലംബിച്ചാണ് പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് സാമ കണക്കാക്കുന്നത്.


ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പകൾ, റിയൽ എസ്റ്റേറ്റ് വായ്പകൾ, പണ ലഭ്യത തുടങ്ങിയ ഭൂരിഭാഗം സൂചികകളും അനുകൂലമാണ്. പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങൾ സൗദിയിലെ ബാങ്കുകളെ കാര്യമായി ബാധിക്കില്ല. സൗദി ബാങ്കുകളുടെ പക്കൽ ഉയർന്ന പണലഭ്യതയുണ്ട്. ബാങ്കുകളുടെ വായ്പാ ഗുണമേന്മയും ലാഭവും മികച്ചതാണ്. വാടക മേഖലയിലെ മാന്ദ്യമാണ് പണപ്പെരുപ്പം മൈനസ് ശതമാനത്തിൽ തുടരാൻ കാരണം. പണപ്പെരുപ്പ സൂചിക കണക്കാക്കുന്നതിന് അവലംബിക്കുന്നതിന്റെ 22 ശതമാനവും വാടക മേഖലയാണ്. അടുത്ത വർഷത്തോടെ പണപ്പെരുപ്പം മൈനസ് ശതമാനത്തിൽ നിന്ന് പുറത്തു കടക്കുമെന്നാണ് കരുതുന്നത്. 


സൗദി അറാംകൊ ഓഹരികൾ വിൽപന നടത്തുന്നതിനുള്ള ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനുള്ള ഒരുക്കങ്ങളിലാണ് സാമ. ഇക്കാര്യത്തിൽ സൗദിയിലെ ബാങ്കുകളുമായി സാമ തുടർച്ചയായി ചർച്ചകൾ നടത്തിവരികയാണ്. ഐ.പി.ഒ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നതു വരെ ചർച്ചകൾ തുടരും. ഇതിനു ശേഷം സൗദി ബാങ്കുകൾ വഴി വിൽക്കുന്ന ഓഹരികളുടെ അനുപാതം നിശ്ചയിക്കും. അറാംകൊ ഐ.പി.ഒക്ക് പണം കണ്ടെത്തുന്നതിന് മതിയായ നിക്ഷേപങ്ങൾ ബാങ്കുകളിലുണ്ട്. എങ്കിലും ഇത് ഐ.പി.ഒ പ്രോസ്‌പെക്ടസിനെ ആശ്രയിച്ചിരിക്കുന്നതായും അഹ്മദ് അൽഖുലൈഫി പറഞ്ഞു.


ഈ വർഷം രണ്ടാം പാദത്തിൽ സൗദി അറേബ്യ അര ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 642.8 ബില്യൺ റിയാലായി ഉയർന്നു. 2018 രണ്ടാം പാദത്തിൽ ഇത് 639.9 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ പെട്രോളിതര മേഖലയിൽ 2.9 ശതമാനം വളർച്ച കൈവരിച്ചു. രണ്ടാം പാദത്തിൽ പെട്രോളിതര മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 368.4 ബില്യൺ റിയാലാണ്. 

 

Latest News