കാസർകോട്- കാസർകോട് മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. മഞ്ചേശ്വരത്തെ നാൽപ്പത്തി രണ്ടാം ബൂത്തായ
വോർക്കാടി ബക്രബയിലാണ് യുവതിയെ കസ്റ്റഡിയിൽ എത്തിയത്. അറസ്റ്റിലായ നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല.രാഷ്ട്രീയപാർട്ടി നൽകിയ സ്ലിപ്പുമായിട്ടായിരുന്നു യുവതി വോട്ട് ചെയ്യാൻ എത്തിയത്. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ രാവിലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചരണത്തിന് വിരാമമിട്ടാണ് അഞ്ച് മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങിയത്.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. അഞ്ച് മണ്ഡലങ്ങളിലുമായി 9,57,550 വോട്ടർമാരാണുള്ളത്. 3696 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ സി.ഐ.എസ്.എഫിന്റെ ആറ് പ്ലട്യൂണുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ മഞ്ചേശ്വരത്ത് മാ ത്രം രണ്ട് പ്ലട്യൂണുകൾ ഉണ്ട്. പ്രശ്‌നബാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവി ധാനവും, മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലുമാ യി 140 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. പോളിംഗ് സാമഗ്രികളുടെ വിതര ണം പൂർത്തിയായിട്ടുണ്ട്. പരസ്യ പ്രചരണം അവസാനിച്ചതോടെ മണ്ഡലത്തിന് പുറത്തുള്ളവർ മണ്ഡലം വിട്ട് പോകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കുന്നുണ്ടെയെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളും ജാഗ്രത പുലർത്തുന്നുണ്ട്. നിശബ്ദ പ്രചരണത്തിന്റെ ദിവസമായി ഇന്നലെയും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളും, പ്രവ ർത്തകരും.
വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലേയ് ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആണെങ്കിലും തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള മണ്ഡലങ്ങൾ വിധിയെഴുതുന്നതിനാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടാണ് ഇക്കുറി ഈ ഉപതെരഞ്ഞെടുപ്പിന്. അതുകൊണ്ട് തന്നെ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം പാലാ ഉപതെരഞ്ഞെടുപ്പോടെ മാറിയെങ്കിലും ഈ ഉപതെരഞ്ഞെടുപ്പുകൾ എല്ലാം മൂന്ന് മുന്നണികൾക്കും ജീവൻമരണ പോരാട്ടമാണ്. വിശ്വാസവും, അഴിമതിയും, വികസനവും എല്ലാം ഒരു പോലെ ചർച്ചയായ തെരഞ്ഞെടുപ്പ് പ്രചരണം മുമ്പെങ്ങുമില്ലാ ത്ത വിധത്തിൽ ചൂടേറിയതായിരുന്നു. കൊലപാതക രാഷ്ട്രീയം കൂടുതലായി ചർച്ചയായില്ലെന്നതും ഇക്കുറി പ്രചരണത്തിന്റെ സവിശേഷതയായി. അടുത്ത കാലത്തൊന്നും കാണാത്ത വിധത്തിൽ ജാതി കേന്ദ്രീത രാഷ്ട്രീയ ചർച്ചകളാണ് ഇക്കുറി തെരഞ്ഞെടുപ്പി ൽ മുഴങ്ങിയത്.
സമദൂരം വിട്ട് ശരിദൂരം എന്ന നിലപാട് സ്വീകരിച്ച എൻ.എസ്.എസ് ഒരു പടി കൂടി കട ന്ന് യു.ഡി.എഫിന് പരസ്യമായ പിൻതുണ നൽകിയതാണ് ഇക്കുറി തെരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. ഇതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിച്ചപ്പോ ൾ ശരിദൂര നിലപാട് തങ്ങൾക്ക് വിരുദ്ധമല്ലെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. സമുദായം സമുദായത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് വ്യക്തമാക്കി സി.പി.എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ എൻ.എസ്.എസിനെതിരെ രംഗ ത്ത് വരികയും ചെയ്തു. എസ്.എൻ.ഡി.പിയുടെ ഇടതുപക്ഷ ആഭിമുഖ്യമാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ. ബി.ഡി.ജെ.എസ് നിഷ്‌കൃയ്യം എന്നതും എൽ.ഡി.എഫിന് ഊർജ്ജം നൽകുന്നുണ്ട്. പാലാ തോൽവിയിൽ ഞെട്ടിയ യു.ഡി.എഫിന് ഇക്കുറി മുഴുവൻ സീറ്റുകളും പിടിച്ചെടുത്തേ തീരൂ. സിറ്റിംഗ് സീറ്റായ അരൂരിന് പുറമെ അധികമായി പരമാവധി സീറ്റുകൾ നേടണമെന്ന നിലയിലാണ് എൽ.ഡി.എഫ്. മഞ്ചേശ്വരത്തും, വട്ടിയൂർക്കാവിലും കഴിഞ്ഞ തവണത്തെ സ്വാധീനം വർധിപ്പിച്ചില്ലെങ്കിൽ മുഖം രക്ഷിക്കാൻ പോലും സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികൾക്കും ഈ ഉപതെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.