ജിദ്ദ-സോഷ്യല്‍ മീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയാണ് സൗദിയിലെ പ്രവാസികള്‍. ജിദ്ദയിലെ ബഖാല കൂട്ടായ്മ മുന്‍കൈയെടുത്ത് ഫിറോസിനുവേണ്ടി നിര്‍മിക്കുന്ന വീട് വിവാദമാക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കൂട്ടായ്മ ഭാരവാഹികള്‍ ആവര്‍ത്തിക്കുന്നു.
ബഖാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാധാരണക്കാരോടൊപ്പം ജിദ്ദയിലെ മറ്റു ചില കൂട്ടായ്മകളും ബിസിനസ് രംഗത്തുള്ള ഏതാനും പ്രമുഖരുമാണ് ഫിറോസിന്റെ വീട് നിര്‍മാണത്തിനു സഹായിക്കുന്നത്. ഫിറോസിന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന് സഹായം നല്‍കാനാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പശ്ചാത്തലം മനസ്സിലാക്കിയാണ് വീട് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതും അതിനുവേണ്ടി ഇറങ്ങിത്തിരിച്ചതുമെന്നും ഭാരവാഹികള്‍ പറയുന്നു.
വീടുനിര്‍മാണത്തിനുള്ള തുക ഫിറോസിനെ ഏല്‍പിക്കാതെ തങ്ങള്‍ തന്നെ നേരിട്ട് ഏറ്റെടുക്കാന്‍ കാരണം അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും തുക ഫിറോസ് മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിക്കാതിരിക്കാനുമാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിച്ച വീട് കാര്‍ പോര്‍ച്ചടക്കം 2100 ചതുരശ്ര അടിയിലാണ് പൂര്‍ത്തിയാക്കുന്നത്. നാട്ടില്‍നിന്ന് ഈ വീട് നിര്‍മാണത്തിനുവേണ്ടി നാട്ടില്‍നിന്ന് ആരില്‍നിന്നും ഫണ്ട് സ്വീകരിച്ചിട്ടില്ല. ജിദ്ദയിലെ സാധാരണക്കാര്‍ തന്നെയാണ് ഇപ്പോഴും നൂറും ഇരുനൂറും റിയാലായി നിര്‍മാണത്തിനുള്ള തുക നല്‍കിക്കൊണ്ടിരിക്കുന്നത്. ഫിറോസ് വലിയ വീട് നിര്‍മിക്കുന്നുവെന്ന് വിമര്‍ശകര്‍ നടത്തുന്ന കുപ്രചാരണത്തെ ബഖാല കൂട്ടായ്മ തള്ളിക്കളയന്നു.