Sorry, you need to enable JavaScript to visit this website.

നിയോം സിറ്റിയിൽ ഇതാദ്യമായി  സ്വദേശി വനിതാ ടൂറിസ്റ്റുകൾ  

തബൂക്ക് - സൗദിയിലെ വിവിധ പ്രവിശ്യകളിലെ സ്വദേശി വനിതകൾ മാത്രം അടങ്ങുന്ന ടൂറിസ്റ്റ് സംഘത്തിന് നിയോം സിറ്റി ആതിഥ്യമരുളി. 20 വനിതകളാണ് സംഘത്തിലുള്ളത്. പരിസ്ഥിതി പ്രധാനവും ചരിത്ര പ്രാധാന്യമുള്ളതുമായ സ്ഥലങ്ങൾ പഠനവിധേയമാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. 
ശനിയാഴ്ച തബൂക്ക് പ്രവിശ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് വനിതാ സംഘം പര്യടനം തുടങ്ങിയത്. 19 മണിക്കൂർ നീണ്ട യാത്രയിൽ അൽബിദാ, മഗായിർ ശുഐബ്, മർകസ് മഗ്‌ന, മഖർറു അയ്‌നു മൂസ എന്നിവിടങ്ങൾ സന്ദർശിച്ച് ത്വയ്യിബ് ഇസ്മിൽ എത്തി ശൈഖ് ഹുമൈദ് നഗരം കണ്ടതിന് ശേഷമാണ് വനിതാ ടൂറിസ്റ്റുകൾ തബൂക്കിലേക്ക് മടങ്ങിയെത്തിയത്.

വിനോദ സഞ്ചാരം ഉദ്ദേശിച്ച് ഇവിടെയെത്തുന്ന ആദ്യ വനിതാ സംഘം തങ്ങളായിരിക്കുമെന്ന് ടൂറിസ്റ്റ് ഗൈഡായ ഹിബ അൽആയിദി പറഞ്ഞു. യാത്രക്ക് മുന്നോടിയായി പ്രവിശ്യയിൽ ടൂറിസ്റ്റ് ഗൈഡായി സേവനം അനുഷ്ഠിക്കുന്ന രണ്ട് വനിതകളുമായി ചേർന്ന് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നുവെന്ന് അവർ പറഞ്ഞു. പ്രവിശ്യാ ടൂറിസം കമ്മീഷനും എല്ലാവിധ സഹായ സഹകരണങ്ങളും ലഭ്യമാക്കിയിരുന്നു.  

തബൂക്ക് പ്രവിശ്യയിലെ ടൂറിസം പരിപോഷിപ്പിക്കുകയാണ് 'ഡിസ്‌കവർ നിയോം' എന്ന പേരിൽ നടത്തുന്ന സഞ്ചാരത്തിന്റെ ലക്ഷ്യം. ഇതിലുപരി, സൗദി വനിതകളും അല്ലാത്തവരുമായ മുഴുവൻ വിനോദ സഞ്ചാരികളെയും പ്രവിശ്യയിലെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തലും പ്രധാന ലക്ഷ്യമാണെന്ന് ഹിബ അൽആയിദി വ്യക്തമാക്കി. 

വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള ഭരണ നേതൃത്വത്തിന്റെ യത്‌നം വിജയം കൈവരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണ് വനിതാ ടൂറിസ്റ്റുകളുടെ നിയോം സന്ദർശനം. 
ചെങ്കടലിൽ അഖബ ഗൾഫിനോട് ചേർന്ന്, 160 കി.മീറ്റർ നീളത്തിലും 24 കി.മീറ്റർ വീതിയിലുമായി മൂന്ന് രാജ്യങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന സൗദി അറേബ്യയിലെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് നിയോം സ്വപ്‌ന നഗരി. 


500 ബില്യൺ ഡോളർ മുതൽമുടക്കിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നടപ്പിലാക്കുന്ന നിർദിഷ്ട പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള തുറമുഖം, വിമാനത്താവളങ്ങളുടെ ശൃംഖല, വ്യവസായ നഗരങ്ങൾ, സാങ്കേതിക സഹായത്തിനും തൊഴിൽ മേഖലക്കും സഹായകമാകുന്ന വിവിധ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച നിയോം കമ്പനിയാണ് നിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

 

Latest News