തായിഫ്- മലയാളി ഉംറ തീർഥാടകർ യാത്ര ചെയ്ത ബസിനു പിറകിൽ ട്രെയ്‌ലർ ഇടിച്ച് ട്രെയ്‌ലർ ഡ്രൈവറായ പാക് പൗരൻ മരിച്ചു. പത്ത് മലയാളി തീർഥാടകർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് തായിഫ്-റിയാദ് അതിവേഗ പാതയിൽ അൽമോയക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അൽമോയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികത്സയ്ക്ക് തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖ് തായിഫ് കിംഗ് അബ്്ദുൽ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂർ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കർ കിംഗ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. ദമാമിൽ നിന്ന് പുറപ്പെട്ട സംഘം മദീനാ സന്ദർശനം കഴിഞ്ഞ് ഉംറ നിർവഹിച്ച ശേഷം തിരിച്ച് ദമാമിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. വിശ്രമത്തിനായി റോഡിന്റെ വശത്ത് ബസ് നിർത്തിയിട്ട സമയത്താണ് ട്രെയ്‌ലർ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയ്‌ലർ പൂർണമായും തകർന്നു.