ദുബായ്- യു.എ.ഇയുടെ വിവിധ മേഖലകളില്‍ അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മിതമായ തോതില്‍ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ എട്ടര വരെ ഇതു തുടര്‍ന്നു. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. അബുദാബി- മദീനത് സായിദ്, ദുബായ്-അല്‍ഐന്‍ റോഡ്, വടക്കന്‍ എമിറേറ്റുകളിലെ മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഇനിയുള്ള ദിവസങ്ങളിലും മൂടല്‍ മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തു ചൂട് കുറഞ്ഞിട്ടുണ്ട്.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ദുബായ് വിമാനത്താവളം, അജ്മാന്‍, സ്വീഹാന്‍, മിന്‍ഹാദ് മേഖലകളില്‍ ശക്തമായിരുന്നു. കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി.
അമിതവേഗത്തില്‍ പോകുകയോ സിഗ്‌നല്‍ ഇടാതെ ലെയ്ന്‍ മാറുകയോ ചെയ്യരുത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ സുരക്ഷിതമായി വാഹനം ഒതുക്കി നിര്‍ത്തണമെന്നും പോലീസ് അറിയിച്ചു.