ദുബായ്- എക്‌സോപോ 2020 ന് ഒരു കൊല്ലം ബാക്കി നില്‍ക്കെ, പവിലിയനുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
69 പവിലിയനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇവയുടെ മേല്‍നോട്ടം ബി.എന്‍.സി നെറ്റ് വര്‍ക്കിനാണ്. മൊത്തെ പവിലിയനുകളുടെ 56 ശതമാനമാണിത്. നിര്‍മാണ ഷെഡ്യൂള്‍ അനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും ബി.എന്‍.സി സി.ഇ.ഒ അവിന്‍ ഗിഡ്‌വാനി പറഞ്ഞു.
ഇന്റീരിയര്‍ ഫിറ്റൗട്ടും ലാന്‍സ്‌കേപ്പിംഗും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സ്‌പോ നടക്കുന്ന സ്ഥലത്ത് ഭാവി വികസനസാധ്യതകള്‍ മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
ലോകത്തിലെ ഏറ്റവുംവലിയ പ്രദര്‍ശന മേളയായി മാറാന്‍പോകുന്ന ദുബായ് എക്‌സ്‌പോ 2020ന്റെ കൗണ്ട്ഡൗണ്‍ പ്രഖ്യാപനം ഞായറാഴ്ച രാത്രി ഡൗണ്‍ടൗണിലെ ബുര്‍ജ് പാര്‍ക്കില്‍ നടന്നു. ലോകമെങ്ങുംനിന്നുള്ള സഞ്ചാരികള്‍, വ്യവസായ വാണിജ്യരംഗങ്ങളിലെ പ്രമുഖര്‍, കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ദുബായ് എക്‌സ്‌പോയ്ക്ക് എത്തും. ആറുമാസംനീളുന്ന ലോകമേളക്കായി ദുബായ് ഒരുക്കംതുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടുത്ത ഒക്ടോബര്‍ 20ന് തുടങ്ങാനിരിക്കുന്ന എക്‌സ്‌പോ 2020 ന്റെ മുന്നോടിയായി വര്‍ഷം മുഴുക്കെ ഓരോ ദിവസവും വിവിധ എമിറേറ്റുകളിലായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2021 ഏപ്രില്‍ പത്തുവരെ നീളുന്നതാണ് ഈ പരിപാടികള്‍.
'ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു' എന്നതാണ് ദുബായ് എക്‌സ്‌പോയുടെ ആശയം. മൂന്നു കോടിയോളം സന്ദര്‍ശകര്‍ ഇക്കാലയളവില്‍ ദുബായ് സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്.
അതിനിടെ, ദുബായ് മാള്‍ സബീല്‍ ബഹുനില പാര്‍ക്കിംഗ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളില്‍ എത്താന്‍ ഈ മാസം 29 ന് രണ്ട് പാലങ്ങള്‍ തുറക്കും. പാര്‍ക്കിംഗ് മേഖലയെ ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും ഇതോടൊപ്പം തുറക്കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ജുമൈറ മേഖല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പാലങ്ങള്‍ സഹായകമാകുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് ജംഗ്ഷനിലെ തിരക്കു കുറയുകയും ചെയ്യും.
തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 4,500 വാഹനങ്ങള്‍ക്കു കടന്നുപോകാനാകും. എക്‌സ്‌പോ 2020 ന് മുന്നോടിയായി ഗതാഗതമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ചൂണ്ടിക്കാട്ടി.