Sorry, you need to enable JavaScript to visit this website.

ഉമ്മയെ കാണാൻ ഒറ്റ ദിവസത്തെ പരോളിൽ സക്കരിയ എത്തി

ബംഗളുരു- സ്‌ഫോടനക്കേസിലെ വിചാരണത്തടവുകാരൻ പരപ്പനങ്ങാടി സ്വദേശി സക്കരിയ ഉമ്മയെ കാണാൻ ഒരു ദിവസത്തെ ജാമ്യത്തിൽ നാട്ടിലെത്തി. കർണാടക പോലീസിന്റെയും കേരള പോലീസിന്റെയും സംരക്ഷണത്തിലാണ് സക്കരിയ നാട്ടിലെത്തിയത്. വിചാരണ തടവുകാരനായതിന് ശേഷം മൂന്നാം തവണയാണ് സക്കരിയ നാട്ടിലെത്തുന്നത്. സക്കരിയയുടെ ഉമ്മ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലാണ്. 2008ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ 2009 ഫെബ്രുവരി അഞ്ചിനാണ് കർണാടക പൊലീസ് തിരൂരിൽ സക്കരിയ ജോലി ചെയ്യുന്ന കടയിലെത്തി അവനെ പിടികൂടിയത്. 19ാം വയസിലായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്ത് നാലുദിവസത്തിനുശേഷമാണ് ബംഗളുരു പോലീസ് സക്കരിയയെ കോടതിയിൽ ഹാജരാക്കിയത്.

ബംഗളുരു സ്‌ഫോടനക്കേസിലെ അഞ്ചാം പ്രതിയെന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. അന്നുമുതൽ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ. സ്‌ഫോടനത്തിന് മൈക്രോ ചിപ്പുകളും ടൈമറുകളും നാലാംപ്രതി ഷറഫുദ്ദീനുമായി ചേർന്ന് നിർമിച്ചുനൽകി എന്നതാണ് സക്കരിയക്കെതിരായ കുറ്റം. എന്നാൽ സക്കരിയയ്‌ക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സക്കരിയ പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ത്വരീഖത്ത് ക്ലാസിൽ പങ്കെടുക്കാറുണ്ടായിരുന്നെന്നും പോലീസ് ആരോപിച്ചിരുന്നു. എന്നാൽ ഇതിനായി പൊലീസ് ഹാജരാക്കിയ സാക്ഷികൾ തന്നെ ഇങ്ങനെയൊരു മൊഴി നൽകിയിട്ടില്ലെന്ന് കോടതിയിൽ നിലപാടെടുത്തിരുന്നു. യാത്രാ ചെലവ്, സുരക്ഷാചെലവ് എന്നിവക്കാവശ്യമായ ഒരു ലക്ഷം രൂപ സക്കരിയ തന്നെ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
 

Latest News