തിരുവനന്തപുരം- അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഒരു പകലിന്റെ നിശബ്ദ പ്രചാരണങ്ങൾക്കൊടുവിൽ നാളെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങൾ വിധിയെഴുതും. ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണ്ഡലങ്ങളിലേയും പ്രവർത്തകർ അതാത് മണ്ഡലങ്ങളിൽ കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയാണ് കൊട്ടിക്കലാശം നടന്നത്. ഓരോ മണ്ഡലത്തിലും കൊട്ടിക്കലാശ വേദിയിലേക്ക് സ്ഥാനാർഥികൾ കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാദ്യ മേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും ആവേശത്തിലായിരുന്നു പ്രവർത്തകർ. പല സ്ഥലങ്ങളിലും മൂന്ന് മണി മുതൽ തന്നെ മൂന്ന് പാർട്ടികളുടേയും പ്രവർത്തകർ നിരത്ത് കീഴടക്കിയിരുന്നു.
ഗതാഗതം പലയിടത്തും സ്തംഭിച്ചപ്പോൾ ജനം പല സ്ഥലങ്ങളിലും പെരുവഴിയിലായി. തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ പോലീസ് വളരെ ബുദ്ധിമുട്ടി. രാവിലെ മുതൽ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർഥികൾ പര്യടനം നടത്തി. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ് ഷോകളും ഉണ്ടായിരുന്നു.
അടുത്ത കാലത്തൊന്നും കാണാത്തവിധം ജാതി കേന്ദ്രിത രാഷ്ട്രീയ ചർച്ച മുറുകുമ്പോഴാണ് അഞ്ച് മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. സമദൂരം വിട്ട് എൻ.എസ്.എസ്, ഇടതാഭിമുഖ്യം തുടരുന്ന എസ്.എൻ.ഡി.പി, ബി.ജെ.പിയെ തള്ളാതെ ഓർത്തഡോക്‌സ് സഭ. അഞ്ച് നിയോജക മണ്ഡലങ്ങളലും പോര് ചുറ്റിത്തിരിയുന്നത് പ്രധാനമായും സാമുദായിക നിലപാടുകളെ ചൊല്ലി തന്നെയാണ്.
വട്ടിയൂർക്കാവിൽ ശരിദൂരവും കടന്ന് യു.ഡി.എഫിനായി പരസ്യമായി രംഗത്തിറങ്ങിയ എൻ.എസ്.എസും സി.പി.എമ്മും നേർക്കുനേർ പോരിലാണ്. പാലാ തോൽവിയിൽ ഞെട്ടിയ യു.ഡി.എഫ് ക്യാമ്പിന് എൻ.എസ്.എസ് നൽകുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ്. എന്നാൽ എൻ.എസ്.എസിനെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ കൂട്ട് തുടരുന്നത് എൽ.ഡി.എഫിനും ആശ്വാസമാണ്. എൻ.എസ്.എസ് നിലപാടിൽ അങ്കലാപ്പുണ്ടെങ്കിലും ഓർത്തഡോക്‌സ് സഭയിൽ നിന്ന് ബി.ജെ.പിക്ക് കിട്ടിയത് അപ്രതീക്ഷിത പിന്തുണയാണ്. വോട്ട് കച്ചവടം, പാലാരിവട്ടം പാലം അഴിമതി, ഒടുവിൽ മാർക്ക് ദാനം തുടങ്ങിയ വിഷയങ്ങൾ ഓരോ ദിവസവും ചർച്ചാ വിഷയമായി.
വട്ടിയൂർക്കാവിൽ അവസാന നിമിഷത്തെ പ്രധാന ചർച്ച യു.ഡി.എഫിനുള്ള എൻ.എസ്.എസിന്റെ പരസ്യ പിന്തുണയാണ്. മേയറുടെ പ്രതിഛായയും ചിട്ടയായ പ്രവർത്തനവും കൊണ്ട് എതിർ ഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരിൽ ബി.ജെ.പിക്കും വലിയ പ്രതീക്ഷയാണ്. കൊട്ടിക്കലാശത്തിലേക്കെത്തുമ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രചാരണ ചൂടാണ് കോന്നി മണ്ഡലത്തിൽ. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്‌സ് വോട്ടുറപ്പിക്കാൻ നിർണായക നീക്കങ്ങളുമായി എൻ.ഡി.എ നീങ്ങുന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ അങ്കമാലി രൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻ.ഡി.എ രംഗത്തിറക്കി. വിഘടിച്ച് പോകാനിടയുള്ള വോട്ടുകൾ പരമാവധി അനുകൂലമാക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. എൽ.ഡി.എഫിന്റെ ഏക സീറ്റായ അരൂരിൽ പോരാട്ടം ഉച്ചസ്ഥായിയിലാണ്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യു.ഡി.എഫിന്റെ പ്രചാരണം. അവസാന നിമിഷത്തിലും മുൻ എം.എൽ.എ എ.എം.ആരിഫിനെ മുന്നിൽ നിർത്തുകയാണ് ഇടതുപക്ഷം. ബി.ഡി.ജെ.എസ് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫ് ഏറ്റവുമധികം ജയസാധ്യത കൽപിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. പാലാരിവട്ടം പാലം ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ഇടതു മുന്നണി ഉയർത്തിയത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റായ മഞ്ചേശ്വരത്തും ഏറെ പ്രതീക്ഷയിലാണ് ഇടതു മുന്നണി. ബി.ജെ.പിയും പ്രതീക്ഷയിലാണ്. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീർണമായ രാഷ്ട്രീയ സമവാക്യവും ശക്തമായ ത്രികോണ മത്സരവും ചേരുമ്പോൾ പ്രവചനാതീതമാണ് മഞ്ചേശ്വരത്തെ ഫലം.