മക്ക- വിദേശ വനിതകൾക്ക് ഉംറ വിസ അനുവദിക്കുന്നതിന് പ്രായപൂർത്തിയായ അടുത്ത ബന്ധുവായ പുരുഷൻ (മഹ്‌റം) ഒപ്പമുണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കുന്നതിനെക്കുറിച്ച് ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നു. ഉംറ സർവീസ് കമ്പനി ഉടമകളും ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻതനും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യത്തിൽ ധാരണയായത്. ടൂറിസ്റ്റ് വിസകളിലെത്തുന്ന വിദേശ വനിതകളെ മഹ്‌റം ഒപ്പമില്ലാതെ തന്നെ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുന്നുണ്ട്.
സമാനമായ രീതിയിൽ വിദേശ വനിതകൾക്ക് ഉംറ വിസയും അനുവദിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചക്കിടെ ഉംറ സർവീസ് കമ്പനി ഉടമകൾ ഹജ്, ഉംറ മന്ത്രിക്കു മുന്നിൽ ഉന്നയിക്കുകയായിരുന്നു.
ഇതേക്കുറിച്ച് പഠിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ ഹജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് മർവാൻ ശഅ്ബാന്റെ നേതൃത്വത്തിലാണ് ഉംറ സർവീസ് കമ്പനി ഉടമകൾ മന്ത്രിയെ കണ്ടത്. യോഗത്തിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി അബ്ദുൽ ഫത്താഹ് മുശാത്തും ഹോട്ടൽ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകരും പങ്കെടുത്തു.
ഉംറ സർവീസ് കമ്പനികൾ നേരിടുന്ന പ്രതിബന്ധങ്ങൾ കൂടിക്കാഴ്ചക്കിടെ കമ്പനി ഉടമകൾ ഹജ്, ഉംറ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഏതു പ്രായത്തിലുംപെട്ട വനിതകൾക്ക് ഉംറ വിസ അനുവദിക്കുന്നതിനുള്ള മഹ്‌റം വ്യവസ്ഥ റദ്ദാക്കൽ അടക്കം 11 കാര്യങ്ങളിൽ ഹജ്, ഉംറ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ധാരണയിലെത്തിയതായി മർവാൻ ശഅ്ബാൻ പറഞ്ഞു.
വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും ഉംറ സർവീസ് കമ്പനികൾ പ്രവർത്തന, സേവന നിലവാരം മെച്ചപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഉംറ സർവീസ് കമ്പനികൾ അടക്കമുള്ള സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
ടൂറിസ്റ്റ് വിസകളിലെത്തുന്ന വിദേശികൾക്കു മുന്നിൽ എയർപോർട്ടുകളിൽ വെച്ച് ഉംറ പാക്കേജുകൾ വിപണനം നടത്തുന്നതിന് അവസരമൊരുക്കൽ, പാക്കേജുകൾ ദീർഘിപ്പിക്കുന്നതിനും പാക്കേജുകളിൽ ഭേദഗതികൾ വരുത്തുന്നതിനും അനുവദിക്കൽ, ഉംറ പാക്കേജ് നിരക്കുകൾ മണി ട്രാൻസ്ഫർ സംവിധാനം വഴി അടക്കണമെന്ന വ്യവസ്ഥയിൽനിന്ന് നിയമാനുസൃത മണി ട്രാൻസ്ഫർ സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ ഒഴിവാക്കൽ, മുൻകൂട്ടി ബസ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന വ്യവസ്ഥയിൽ നിന്ന് കര മാർഗം ഉംറക്ക് വരുന്ന വിദേശ തീർഥാടകരെ ഒഴിവാക്കൽ, ഉംറ സർവീസ് കമ്പനികളുടെ പാക്കേജുകളും ഹോട്ടൽ മുറികളും ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ വഴി പ്രദർശിപ്പിക്കുകയും ഇവ ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കുകയും ചെയ്യൽ, തീർഥാടകർക്കും ഉംറ സർവീസ് കമ്പനികൾക്കുമിടയിൽ ഇ-കരാർ നടപ്പാക്കൽ, ഓൺ അറൈവൽ ടൂറിസ്റ്റ് വിസയും ഇ-വിസയും അനുവദിക്കുന്ന 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 410 റിയാലിന് ഹെൽത്ത് ഇൻഷുറസ് അടക്കം ഉംറ വിസ അനുവദിക്കൽ അടക്കം ഉംറ സർവീസ് കമ്പനി ഉടമകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഹജ്, ഉംറ മന്ത്രി ഉറപ്പു നൽകിയതായും മർവാൻ ശഅ്ബാൻ പറഞ്ഞു.