Sorry, you need to enable JavaScript to visit this website.

തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കാന്‍ സൗദിയില്‍ ഇന്ന് മുതല്‍ കര്‍ശന വ്യവസ്ഥകള്‍

റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ അതിക്രമങ്ങളിൽനിന്നും മോശം പെരുമാറ്റങ്ങളിൽനിന്നും സംരക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

അതിക്രമങ്ങൾക്ക് സഹായിക്കുന്നവരെയും ഇത്തരം കേസുകൾ മൂടിവെക്കുന്നവരെയും കുറ്റക്കാരായി കണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിൽ സ്ഥലങ്ങളിൽ മാത്രമല്ല, ജോലിയുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ, വേഷം മാറുന്ന സ്ഥലങ്ങൾ, വിശ്രമസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ചുള്ള അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. 


ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര, ജോലിയുമായി ബന്ധപ്പെട്ട പരിശീലനത്തിനും പ്രോഗ്രാമുകളിലും പങ്കെടുക്കുന്നതിനുള്ള യാത്രകൾ, ജോലിയുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ എന്നിവക്കിടയിലെ അതിക്രമങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച് സ്ഥാപനത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും അധികകൃതർക്കും തൊഴിലാളികൾക്ക് പരാതികൾ നൽകുന്നതിനും നിയമാനുസൃത അവകാശങ്ങൾ തേടുന്നതിനും ഇ-മെയിൽ അടക്കമുള്ള അനുയോജ്യമായ സംവിധാനങ്ങൾ സ്ഥാപനങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. 


സ്വകാര്യ മേഖലയിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിൽ സാഹചര്യം ആകർഷണീയമാക്കി മാറ്റുന്നതിനും മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. പെരുമാറ്റ ദൂഷ്യങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥകൾ, അതിക്രമങ്ങൾ തടയുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം പുതിയ വ്യവസ്ഥകൾ നിർണയിക്കുന്നു. 


മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ കോട്ടം തട്ടിക്കുന്നതിലേക്ക് നയിക്കുന്ന നിലക്ക് തൊഴിലാളികളെ ചൂഷണം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികമായി ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, വശീകരിക്കൽ, അസഭ്യം പറയൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽ പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം കരുതിക്കൂട്ടിയുണ്ടാക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. തൊഴിലിനിടെയോ ജോലി കാരണമായോ തൊഴിലാളികൾക്കിടയിൽ ഡ്യൂട്ടി സമയത്തോ അല്ലാത്ത നേരത്തോ ഉണ്ടാകുന്ന അതിക്രമങ്ങളും പുതിയ വ്യവസ്ഥകളുടെ പരിധിയിൽ വരും. 


അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച് തൊഴിലാളികളുടെ പരാതികളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും. പരാതികളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടികൾ നിർദേശിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ചുമത്തും. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. വാണിംഗ് നോട്ടീസ് നൽകൽ മുതൽ പിരിച്ചുവിടൽ വരെയുള്ള ശിക്ഷാ നടപടികളാണ് കുറ്റക്കാരായ ജീവനക്കാർക്കെതിരെ സ്വീകരിക്കുക. 

Latest News