ജിദ്ദ - ഉംറ സർവീസ് കമ്പനികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലിയും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളും ഹജ്, ഉംറ മന്ത്രാലയം പരിഷ്‌കരിച്ചു. മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അംഗീകരിച്ചത്.
ഉംറ പാക്കേജ് ദീർഘിപ്പിക്കുന്നതിനും വിസാ കാലാവധിക്കാലത്ത് കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും പുതിയ പരിഷ്‌കരണങ്ങൾ തീർഥാടകരെ അനുവദിക്കുന്നു. ഓൺഅറൈവൽ വിസയും ഇ-വിസയും ലഭിക്കുന്ന 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇഷ്ടമുള്ള ഉംറ സേവനങ്ങൾ തെരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കും.
വിദേശ ബസുകളിൽ കര മാർഗം ഉംറക്കെത്തുന്ന തീർഥാടകർ ഉംറ പാക്കേജിനൊപ്പം ഗതാഗത സേവനത്തിനുള്ള പണം അടക്കേണ്ടതുമില്ല. ഉംറക്കു വേണ്ടിയുള്ള വിസിറ്റ് വിസക്ക് അപേക്ഷ നൽകുമ്പോൾ ഏതു കരാതിർത്തി പോസ്റ്റ് വഴിയാണ് രാജ്യത്ത് പ്രവേശിക്കുന്നത് എന്ന് ഇവർ പ്രത്യേകം വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
തീർഥാടർക്ക് മികച്ച സേവനങ്ങൾ നൽകുന്നത് ഉറപ്പുവരുത്താൻ ഉംറ സർവീസ് കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പരിഷ്‌കരിച്ചിട്ടുണ്ട്. ഉംറ വിസ നടപടികൾക്കുള്ള സെൻട്രൽ ബുക്കിംഗ് എൻജിനിൽ (മഖാം) പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉംറ സർവീസ് കമ്പനി നിയമാവലിയും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളും മന്ത്രാലയം പരിഷ്‌കരിച്ചത്.
ഉംറ കമ്പനി നിയമാവലി പരിഷ്‌കരണത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് ജിദ്ദയിൽ ഹജ്, ഉംറ മന്ത്രാലയ ശാഖാ ആസ്ഥാനത്ത് ഹജ്, ഉംറ മന്ത്രി വെള്ളിയാഴ്ച ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തും ഉംറ കാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാനും ദേശീയ ഹജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് മർവാൻ ശഅ്ബാനും കമ്മിറ്റി അംഗങ്ങളും ഉംറ മേഖലാ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ഹജ്, ഉംറ മന്ത്രാലയ സംഘം സമഗ്ര പഠനങ്ങൾ നടത്തിയാണ് ഉംറ സർവീസ് കമ്പനി നിയമാവലി പരിഷ്‌കരിച്ചതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും അഭിപ്രായ നിർദേശങ്ങളും ഇക്കാര്യത്തിൽ തേടുകയും പരിഗണിക്കുകയും ചെയ്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും മികച്ച സേവനങ്ങൾ നൽകുന്ന കാര്യത്തിൽ സർവീസ് കമ്പനികൾക്കിടയിൽ മത്സരമുണ്ടാക്കുന്നതിനും ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശങ്ങളിലെ ഉംറ ഏജൻസികളായി പ്രവർത്തിക്കുന്നതിനുള്ള യോഗ്യത നേടുന്നതിന് ട്രാവൽ ഏജൻസികൾ അടക്കം അയാട്ട അംഗീകാരമോ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സർട്ടിഫിക്കറ്റോ വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ അംഗത്വമോ യൂനിവേഴ്‌സൽ ഫെഡറേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ അംഗത്വമോ ഉള്ള മുഴുവൻ വിഭാഗം സ്ഥാപനങ്ങളെയും പുതിയ പരിഷ്‌കരണം അനുവദിക്കുന്നു.