അഞ്ചുവർഷത്തിനകം ഇന്ത്യയെ ലോകത്തിലെ വൻ സാമ്പത്തിക ശക്തിയാക്കി വളർത്തലാണ് പ്രധാനമന്ത്രി മോഡിയുടെ ലക്ഷ്യം. ഇന്ത്യയുടെ സമ്പദ്മൂല്യം അഞ്ചുലക്ഷം കോടി ഡോളർ എന്ന ലക്ഷ്യം നിറവേറ്റാനാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങൾക്കിടയിലാണ് ലോകത്തെ ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യയെ ചരിത്രം രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഐറിഷ് സ്ഥാപനമായ കൺസേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്ന് പുറത്തിറക്കിയ ആഗോള പട്ടിണി സൂചികയിൽ (ജി.എച്ച്.ഐ) 117 രാജ്യങ്ങളിൽ ഇന്ത്യ 102-ാം സ്ഥാനത്താണ്. അതായത് പട്ടിണിക്കാരുടെ ആഗോള സൂചികയിൽ പാക്കിസ്ഥാനും ബംഗ്ലാദേശിനും എന്തിന്, തൊട്ടടുത്ത നേപ്പാളിനും പിറകിലാണ് ഇന്ത്യ.
കഴിഞ്ഞവർഷത്തെ പട്ടിണി സൂചികയിൽ 199 രാജ്യങ്ങളുണ്ടായിരുന്നു. അതിൽ 103-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോൾ 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനം. വാജ്‌പേയി മന്ത്രിസഭയുടെ അവസാനകാലത്ത് 113 രാജ്യങ്ങളുടെ പട്ടികയിൽ 83-ാം സ്ഥാനം ഇന്ത്യയ്ക്കുണ്ടായിരുന്നു.
ഈ കണക്കുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും സാമൂഹിക അവസ്ഥയിലും നിലനിൽക്കുന്ന അതിസമ്പന്നരും പട്ടിണി പാവങ്ങളും തമ്മിലുള്ള കൊടിയ വൈരുദ്ധ്യത്തിന്റെ വിടവ് അഞ്ചരവർഷത്തെ മോഡി ഭരണത്തിൽ ഏറ്റവും വർദ്ധിച്ചതായി വെളിപ്പെടുത്തുന്നു. ശതകോടീശ്വരരുടെ എണ്ണം രാജ്യത്ത് ആഗോള സൂചികയിൽ മുൻനിരയിൽ നിൽക്കുന്നു. പട്ടിണിക്കാരുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം പെരുകുകയും ചെയ്യുന്നു.
ഇതിന്റെ പ്രത്യാഘാതമെന്തെന്ന് യൂണിസെഫിന്റെ കഴിഞ്ഞദിവസം പുറത്തുവന്ന (2019ലെ ആഗോള ശിശുക്കളുടെ അവസ്ഥ എന്ന) പഠനറിപ്പോർട്ട് വെളിപ്പെടുത്തുന്നു. 42 ശതമാനം കുട്ടികൾക്കു മാത്രമാണ് ഇടവേളകളിൽ ഇന്ത്യയിൽ പോഷകാഹാരം ലഭിച്ചതെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതുകൊണ്ട് രാജ്യത്തെ 69 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുകൊണ്ടാണ് മരണപ്പെടുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു.
ഇപ്പോൾ മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി മോഡിയുടെ കിരീടത്തിൽ ചൂടാനുള്ള കാക്കത്തൂവലുകളാണ് യഥാർത്ഥത്തിൽ ഈ റിപ്പോർട്ടുകൾ. ലോകത്തെ 'ഏറ്റവും വലിയ' ജനാധിപത്യ രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും മനുഷ്യാവസ്ഥയും വെളിപ്പെടുത്തുന്നു.
മൂന്നരവർഷംമുമ്പ് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മോഡി കേരളത്തെ ആഫ്രിക്കയിലെ പിന്നോക്കത്തിൽ പിന്നോക്ക രാജ്യമായ സോമാലിയയോട് താരതമ്യപ്പെടുത്തുകയുണ്ടായി. പോഷകാഹാരക്കുറവുകൊണ്ട് കേരളത്തിലെ കുട്ടികൾ മരണപ്പെടുന്നതിന്റെ കണക്ക് കേരളത്തെ സോമാലിയയുടെ പിന്നിലേക്ക് കൊണ്ടു തളച്ചെന്നാണ് പ്രധാനമന്ത്രി അന്ന് പരിഹസിച്ചത്. ബാലാക്കോട്ടെ സർജിക്കൽ സ്‌ട്രൈക്കും ജമ്മു-കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതുമെല്ലാം 56 ഇഞ്ച് നെഞ്ചളവിന്റെ മേന്മയായി ഇന്ന് അവതരിപ്പിക്കുമ്പോൾ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും മരണങ്ങളുടെയും ആഗോള പട്ടികയിൽ ഇന്ത്യ ഏറെയേറെ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സാമ്പത്തിക വളർച്ച പിന്നോട്ടടിക്കുകയാണെന്ന വെളിപ്പെടുത്തലുകളോട് പുച്ഛത്തോടും ഗർവ്വോടുംകൂടിയാണ് പ്രധാനമന്ത്രിയും സർക്കാർ വൃത്തങ്ങളും പ്രതികരിച്ചത്. ഒടുവിലിപ്പോൾ വളർച്ചാനിരക്ക് കുത്തനെ ഇടിയുകയാണെന്ന് സർക്കാറിനും റിസർവ്വ് ബാങ്കിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. മാത്രമല്ല, ആഗോളതലത്തിൽ പടർന്ന മാന്ദ്യത്തിന്റെ പിടിയിലാണ് ഇന്ത്യ എന്നും.
പക്ഷെ, മോഡി സർക്കാറിനെയും ബി.ജെ.പിയെയും നയിക്കുന്ന ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് മാന്ദ്യം ചർച്ചയാക്കേണ്ടെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനദ്ദേഹം അശാസ്ത്രീയവും യുക്തിരഹിതവും അന്ധവിശ്വാസത്തിൽ അടിയുറച്ചുള്ളതുമായ വിശദീകരണമാണ് നൽകുന്നത്. വളർച്ചാനിരക്ക് പൂജ്യത്തിനു താഴെ വരുമ്പോൾ മാത്രമേ മാന്ദ്യം എന്നു വിളിക്കൂ എന്നാണ് ഒരു സാമ്പത്തിക വിദഗ്ധൻ ആർ.എസ്.എസ് മേധാവിയോട് പറഞ്ഞതത്രേ. നമുക്കിപ്പോൾ 5 ശതമാനം വളർച്ചാനിരക്കുണ്ട്. അതേപ്പറ്റി ഉത്ക്കണ്ഠപ്പെടാം. പക്ഷെ അത് ചർച്ചചെയ്യേണ്ട ഒരു കാര്യവുമില്ലെന്ന് ആർ.എസ്.എസ് മേധാവി പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ഇത്തവണ 130 കോടി ജനങ്ങളുടെ ജനവിധി നേടിവന്ന ആളെന്നാണ് പ്രധാനമന്ത്രി മോഡി സ്വയം പരിചയപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയുടെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളിലൊന്ന് വിശപ്പ്, രോഗം, നിരക്ഷരത എന്നിവ നിർമ്മാർജ്ജനം ചെയ്യാൻ കൂട്ടായി പ്രവർത്തിക്കുക എന്നതാണ്. പക്ഷെ അതിനുള്ള ഇന്ത്യയുടെ പദ്ധതികളോ ലക്ഷ്യമോ അല്ല യു.എസ് പ്രസിഡന്റ് ട്രംപിനെപ്പോലെ ലോകഭീകരതയെ ഇല്ലാതാക്കുന്നതിന്റെ അജണ്ടയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.
മൂന്നാംലോക രാജ്യങ്ങളുടേയോ വികസിത രാജ്യങ്ങളുടേയോ കൂട്ടംവിട്ട് ലോകത്ത് സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധികൾ ഇറക്കുമതി ചെയ്യുന്ന അമേരിക്കയുടെയും ഒപ്പം തുഴയുന്ന സാമ്രാജ്യത്വ ശക്തികൾക്കുമൊപ്പമാണ് മഹാത്മാഗാന്ധിയുടെ ഇന്ത്യയുടെ പിതാവായി ട്രംപ് വിശേഷിപ്പിക്കുന്ന മോഡി ഇപ്പോൾ. സോഷ്യലിസ്റ്റ് ലക്ഷ്യത്തിന്റെയും ആശയത്തിന്റെയും ഓർമ്മകൾപോലും ഇന്ത്യയുടെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുന്ന പ്രവർത്തന അജണ്ടയാണ് അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റേത്. കാരണം, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലത്തെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പ്രധാനമന്ത്രി നെഹ്‌റുവും സോഷ്യലിസ്റ്റ് നയങ്ങളുമായിരുന്നെന്ന് ചൂണ്ടിക്കാട്ടി നെഹ്‌റൂവിയൻ നയങ്ങളെ തുടച്ചുനീക്കുകയാണ് മോഡി ഗവണ്മെന്റ്.
എന്നാൽ ഇന്ത്യയ്ക്കുശേഷം രണ്ടുവർഷം കഴിഞ്ഞ് സ്വതന്ത്രയായ ചൈനയ്ക്ക് ഇപ്പോൾ ഇന്ത്യയേക്കാൾ 11 കോടി ജനങ്ങളുടെ വയറുകൂടി നിറക്കേണ്ടതുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന ചൈന ആഗോള പട്ടിണി സൂചികയിൽ 25-ാം സ്ഥാനത്താണ്. രാഷ്ട്രീയവും സൈനികവുമായി ചൈനയെ തടയുകയെന്ന ട്രംപിന്റെ യു.എസ് നയത്തിന്റെ ഉറ്റ ചങ്ങാതിയും ആത്മമിത്രവുമാണ് ഇന്ത്യൻ പ്രധാനമന്ത്രി.
ജി.എച്ച്.ഐ സൂചിക മറ്റൊരു സത്യംകൂടി സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആജന്മവൈരികളായവരുടെ മുമ്പിൽ ഇത്തവണ വെളിപ്പെടുത്തുന്നു. ദാരിജ്ര്യനിർമ്മാർജ്ജനത്തിന്റെയും പട്ടിണി നിർമ്മാർജ്ജനത്തിന്റെയും അത്ഭുത പ്രതീകങ്ങളായി ഉയർന്നുനിൽക്കുന്ന രാജ്യങ്ങളുടെ സോഷ്യലിസ്റ്റ് ചരിത്ര പശ്ചാത്തലമാണത്. സൂചികയുടെ ഒന്നാംസ്ഥാനത്ത് ബലാറസും തൊട്ടടുത്തുള്ള യുക്രയിനുമാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. പോഷകമൂല്യങ്ങളുള്ള ആഹാരവും മാനസികവും കായികവുമായ ആരോഗ്യവും പുരോഗതിയും നേടിയ ഒരു ജനതയെ അവർ പ്രതിനിധീകരിക്കുന്നു. ഈ രണ്ട് രാജ്യങ്ങളും നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. സോഷ്യലിസ്റ്റ് സാമ്പത്തിക ആസൂത്രണം സ്വാധീനിച്ച് വളർത്തിയ ഈ രണ്ട് ഫെഡറേഷനുകളും സോവിയറ്റ് യൂണിയൻ പിളർന്നപ്പോൾ സ്വതന്ത്ര റിപ്പബ്ലിക്കുകളായി. റഷ്യയുമായി സാമ്പത്തിക- രാഷ്ട്രീയ ബന്ധങ്ങളും സഹകരണങ്ങളും ഇപ്പോഴും ഇവർ തുടരുന്നു.
തൊട്ടടുത്തു നിൽക്കുന്നത് കമ്മ്യൂണിസ്റ്റു ക്യൂബയാണ്. ഏഴാം സ്ഥാനത്ത്. വിയറ്റ്‌നാമും ബൊളീവിയയും വെനസ്വേലയും ഇന്ത്യയ്ക്കു മുകളിൽ യഥാക്രമം 62, 63, 64 സ്ഥാനങ്ങളിലാണ്. അതിനു തൊട്ടുമുകളിൽ തുർക്കിയും കുവൈറ്റും സൂചികയിൽ തങ്ങളുടെ രാജ്യത്തിന്റെ നാമധേയം തിളക്കി നിൽക്കുന്നു. കെമാൽപാഷയുടെ തുർക്കിയുടെ ചരിത്ര പാരമ്പര്യം ഇന്ത്യക്കാർക്ക് അപരിചിതമല്ല. ഗാന്ധിജി ഇന്ത്യയിൽ സ്വാതന്ത്ര്യസമരം തുടങ്ങുംമുമ്പ് പട്ടിണിക്കാരുടെ സ്വാതന്ത്ര്യസമരം തുടങ്ങിവെച്ച ദക്ഷിണാഫ്രിക്ക സൂചികയിൽ 60-ാം സ്ഥാനത്താണ്. ഈജിപ്റ്റിനു തൊട്ടുമുകളിൽ. 70കളിൽ ഉയർന്നുവന്ന ആദ്യ ഗൾഫ് എണ്ണരാജ്യമായ കുവൈറ്റ് സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ പ്രതിഭാസമായി 9-ാം സ്ഥാനത്ത് നിലകൊള്ളുകയാണ്. സൗദി അറേബ്യയുടെ സ്ഥാനം ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിൽ 34-ാമതാണ്.
മുൻ ധനകാര്യമന്ത്രി തിഹാർ ജയിലിൽ കിടന്ന് ട്വീറ്റ് ചെയ്തതുപോലെ ഇന്ത്യയിൽ പ്രതിശീർഷ ഉപഭോഗം നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കുറഞ്ഞെന്നാണ് സൂചിക കാണിക്കുന്നത്. ഇതിനർത്ഥം രാജ്യവ്യാപകമായി ഗുരുതരമായ പട്ടിണി നിലനിൽക്കുന്നു എന്നാണ്.
ലോകസഭാ തെരഞ്ഞെടുപ്പു വേളയിൽതന്നെ രാജ്യം പട്ടിണിയും മാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്മയും പണക്ഷാമവും നേരിടുകയാണെന്നതിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരുന്നു. മോഡിയും ഗവണ്മെന്റും ഇതു കണ്ടില്ലെന്നു നടിച്ച് ആദ്യം അവഗണിച്ചു. മോഡി സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. നരസിംഹറാവുവും മൻമോഹൻ സിംഗും പിന്നീട് മോഡി ഭരണത്തിലും റിസർവ്വ് ബാങ്കിന്റെ ഗവർണറായിരുന്ന രഘുറാം രാജനുമാണ് പ്രതിസന്ധിയുടെ കാരണക്കാരെന്നു ഇപ്പോഴവർ വാദിക്കുന്നു.
എന്നാൽ മറ്റു രണ്ടുപേർക്കുമൊപ്പം ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയുടെ ഇടപെടൽ പ്രധാനമന്ത്രി മോഡിയെ നിശബ്ദമാക്കിയിരിക്കുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയെ സമയം കളയാതെ പുനരുജ്ജീവിപ്പിക്കാനാണ് ഗവണ്മെന്റ് അടിയന്തരമായി ശ്രദ്ധിക്കേണ്ടതെന്ന് അഭിജിത് ബാനർജി പറയുന്നു. 'സാമ്പത്തിക രംഗത്തേക്ക്, പ്രത്യേകിച്ച് പാവങ്ങളുടെ കൈകളിലേക്ക് ഉടൻ പണം പമ്പുചെയ്യൂ' എന്നു നിർദ്ദേശിക്കുന്നു. പുറത്തുവരുന്ന സ്ഥിതിവിവര കണക്കുകളെല്ലാം മോഡി ഗവണ്മെന്റിന്റെ തെറ്റായ നടപടികളെയാണ് തുറന്നു കാണിക്കുന്നത്. ജി.ഡി.പി വളർച്ചയിലെ ഇടിവ്, വ്യാവസായിക ഉൽപാദനത്തിലെ കുറവ്, ജി.എസ്.ടിയിൽനിന്നുള്ള നികുതി വരുമാനത്തിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും സംഭവിച്ച വൻ ഇടിവ്, യാത്രാവാഹനങ്ങളുടെ വിൽപനയിലെ ഇടിവ് - ഇതെല്ലാം കനക്കുന്ന മാന്ദ്യത്തിന്റെ തെളിവുകളാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഭക്ഷ്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എൻ.എസ്.എസ്.ഒ സർവ്വേ ചൂണ്ടിക്കാട്ടി അഭിജിത് പറയുന്നു. അതൊരു മുന്നറിയിപ്പിന്റെ ഏറ്റവും വലിയ സൂചനയാണെന്നും...
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം കീഴുക്കാം തൂക്കായി വീഴുകയാണ്. എന്നാലും പ്രധാനമന്ത്രി മോഡിയും ധനമന്ത്രി നിർമ്മലയും കുലുങ്ങിയിട്ടില്ല. നാലഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം കോടി ഡോളറിലേക്ക് ഇന്ത്യയുടെ സമ്പദ്മൂല്യം എത്തിക്കുമെന്ന് അവർ ആവർത്തിക്കുന്നു.