ഷാര്‍ജ- ബാച്ച്‌ലര്‍ യോഗ്യത ഉണ്ടാകണമെന്ന നിബന്ധന നടപ്പാക്കിയതോടെ യു.എ.ഇയില്‍ തൊഴില്‍ നഷ്ട ഭീതിയിലായ നഴ്‌സുമാര്‍ കേന്ദ്ര വിദേശ സഹ മന്ത്രി വി. മുരളീധരന് നിവേദനം നല്‍കി. ഗാന്ധിജിയുടെ 150ാ ം ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെത്തിയതായിരുന്നു മന്ത്രി.
യു.എ.ഇയില്‍ നഴ്‌സിംഗ് ജോലി ചെയ്യാന്‍ ബി.എസ്‌സി യോഗ്യത ഉണ്ടായിരിക്കണമെന്ന പുതിയ നിബന്ധനയാണ് നഴ്‌സിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ളവര്‍ക്ക് വിനയായത്. കുവൈത്തിലും സമാന പ്രശ്‌നത്തില്‍ നൂറുകണക്കിന് നഴ്‌സുമാര്‍ ഭീഷണിയിലാണ്. നഴ്‌സിംഗ് ഡിപ്ലോമ ബി.എസ്‌സി ബിരുദത്തിന് തുല്യമല്ലെന്ന നിബന്ധന യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതോടെ നഴ്‌സുമാര്‍ ആശങ്കയിലാണ്. അടുത്ത വര്‍ഷത്തോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. നിയമം നടപ്പായാല്‍ ജോലി പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് നഴ്‌സുമാരാണ് ഷാര്‍ജ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലെത്തിയത്. സങ്കടം പറയാനെത്തിയവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. വൈകിയെത്തിയ പല നഴ്‌സുമാര്‍ക്കും കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയെ കാണാനായി ഇടം കിട്ടിയതുമില്ല.
കമ്യൂണിറ്റി ഹാളില്‍ ഗാന്ധിജയന്തിയാഘോഷം കഴിഞ്ഞയുടന്‍ മന്ത്രി മുരളീധരന്‍ നേരെ നഴ്‌സുമാര്‍ കാത്തിരിക്കുന്ന കോണ്‍ഫറന്‍സ് ഹാളിലെത്തി. നഴ്‌സുമാരുടെ പരാതികള്‍ കേട്ട മന്ത്രി അവരെ സമാധാനിപ്പിച്ചു. അനുകൂല നടപടികള്‍ക്കായി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നഴ്‌സുമാരുടെ പ്രശ്‌ന പരിഹാരത്തിനായി ശ്രമം നടത്തുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. കോണ്‍സല്‍ ജനറല്‍ വിപുല്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍, ഐ.പി.എഫ്. ഭാരവാഹികള്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.