കൊണ്ടോട്ടി - കരിപ്പൂർ-ജിദ്ദ സെക്ടറിൽ ആരംഭിക്കുന്ന ജംബോ വിമാന സർവീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എയർഇന്ത്യയുടെ സംഘം ഈ മാസം 25ന് കരിപ്പൂരിലെത്തും. കരിപ്പൂർ-ജിദ്ദ സെക്ടറിൽ രണ്ട് സർവീസുകളാണ് ആദ്യഘട്ടത്തിൽ എയർ ഇന്ത്യ നടത്താനൊരുങ്ങുന്നത്.
എന്നാൽ കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് 10 മണിക്കൂർ കഴിഞ്ഞാണ് ജിദ്ദയിലേക്ക് മടങ്ങുന്നത്. ഇത്രയും സമയം റൺവേയിൽ ജംബോ വിമാനം നിർത്തിയിടുന്നത് മറ്റു സർവീസുകൾക്ക് തിരിച്ചടിയാകും. കരിപ്പൂർ റൺവേ ഏപ്രണിൽ അധിക സമയം വിമാനം നിർത്തിയിടുന്നത് ഒഴിവാക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചിട്ടുമുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം എയർഇന്ത്യ സംഘം പരിശോധിക്കുകയും അഥോറിറ്റിയുമായി ചർച്ച ചെയ്യുകയും ചെയ്യും.
കരിപ്പൂർ-ജിദ്ദ സർവീസ് ആരംഭിക്കാനുളള തയാറെടുപ്പുകൾ നടത്തിവരികയാണ് എയർഇന്ത്യ.
ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്ന് രാത്രിയിൽ പുറപ്പെടുന്ന വിമാനം കരിപ്പൂരിൽ രാവിലെ ഏഴ് മണിയോടെ എത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിക്കുന്നത്. എന്നാൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുളള മടക്ക സർവീസ് രാത്രിയോടെയാണ്. ഈ സമയമത്രയും റൺവേ ഏപ്രണിൽ വിമാനം നിർത്തുന്നത് കരിപ്പൂരിലെ മറ്റു സർവീസുകളെ ബാധിക്കും.
ജിദ്ദയിലേക്ക് പുറപ്പെടുന്നത് വരെയുളള സമയം മറ്റൊരു ആഭ്യന്തര സർവീസ് എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിൽ സർവീസ് ക്രമീകരിക്കണമെന്നാണ് കരിപ്പൂർ വിമാനത്താവള അധികൃതർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുളളത്. ആഭ്യന്തര സർവീസ് കൂടി ഉൾക്കൊളളിച്ചാണ് പുതിയ ഷെഡ്യൂൾ പുറത്തിറക്കുക.
കരിപ്പൂർ-ജിദ്ദ സെക്ടറിൽ രണ്ട് സർവീസുകളാണ് ആദ്യഘട്ടത്തിൽ എയർഇന്ത്യ നടത്തുക. 747-400 ജംബോ വിമാനമാണ് സർവീസിനെത്തുക. എയർഇന്ത്യയുടെ ജംബോ സർവീസിന് ഡി.ജി.സി.എ അനുമതി നൽകിയിട്ട് മാസങ്ങളായി. എന്നാൽ സർവീസുകൾ ഇതുവരെ തുടങ്ങാനായിരുന്നില്ല. 2015-ൽ കരിപ്പൂരിൽ റൺവേ റീ-കാർപ്പറ്റിംഗ് പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് ജംബോ സർവീസ് പിൻവലിച്ചത്. നിലവിൽ സൗദി എയർലൈൻസിന്റെ വലിയ വിമാനം കരിപ്പൂർ-ജിദ്ദ സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്.