റിയാദ് - വിദേശ രാജ്യങ്ങളുടെ നമ്പർ പ്ലേറ്റുകളോടെ സൗദിയിൽ ഓടുന്ന വാഹനങ്ങൾക്ക് നവംബർ ഒന്നു മുതൽ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യും. ഇലക്‌ട്രോണിക് രീതിയിലാണ് ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുക. സൗദി അറേബ്യ വിടുന്നതിനു മുമ്പായി ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള പിഴ വാഹന ഉടമകളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ സൗദിയിൽ പ്രവേശിക്കുമ്പോൾ താൽക്കാലിക സൗദി നമ്പർ പ്ലേറ്റ് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ശ്രമിച്ചാണ് ചില ഡ്രൈവർമാരും വാഹന ഉടമകളും താൽക്കാലിക നമ്പർ പ്ലേറ്റ് സ്ഥാപിക്കാതെ വിദേശ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കുന്നത്.
ഇത്തരക്കാരെ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ പിഴ ചുമത്താനാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം.