Sorry, you need to enable JavaScript to visit this website.

സ്വദേശിവല്‍ക്കരണവും ടൂറിസ്റ്റ് വിസയും തിരിച്ചടിയായി; ഉംറ കമ്പനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും

ഉംറ സർവീസ് കമ്പനികൾ നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് കമ്പനി ഉടമകൾ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ്  സ്വാലിഹ് ബിൻതനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. 

മക്ക - ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ ഉറപ്പുനൽകിയതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വെളിപ്പെടുത്തി. ഉംറ സർവീസ് കമ്പനികൾ നേരിടുന്ന പ്രതിബന്ധങ്ങളെയും ഇവക്ക് പരിഹാരം കാണുന്നതിനെയും കുറിച്ച് വിശകലനം ചെയ്യുന്നതിന് സർവീസ് കമ്പനി ഉടമകൾ കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഉംറ സർവീസ് കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഹജ്, ഉംറ മന്ത്രാലയം മനസ്സിലാക്കുന്നതിനെ വിലമതിക്കുന്നതായി സർവീസ് കമ്പനി ഉടമകൾ പറഞ്ഞു. ഉംറ സർവീസ് കമ്പനികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണ തീർഥാടകർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനും ഭരണാധികാരികൾ നിർണയിച്ച ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും പ്രോത്സാഹനമാണ്.

2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനും പ്രധാന വരുമാന മേഖലയായി ഉംറ സർവീസ് മേഖലയെ മാറ്റുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഉംറ സർവീസ് കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു. നിശ്ചിത എണ്ണം സ്വദേശികൾക്ക് സ്ഥിര ജോലി നൽകണമെന്നത് അടക്കം ഹജ്, ഉംറ മന്ത്രാലയം ബാധകമാക്കിയ ചില വ്യവസ്ഥകൾ ഉംറ സർവീസ് കമ്പനികൾക്ക് ഭീമമായ നഷ്ടം നേരിടുന്നതിന് ഇടയാക്കുകയാണെന്നാണ് ഉടമകൾ പറയുന്നത്. ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുന്നതും തങ്ങൾക്ക് തിരിച്ചടിയായി മാറുമെന്ന് ഉംറ സർവീസ് കമ്പനികൾ പറയുന്നു. 


കഴിഞ്ഞ മാസാവസാനം മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് തുടങ്ങിയത്. 49 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. ഇവർക്കു പുറമെ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെയും ഷെൻഗൻ വിസ സംവിധാനം പ്രാബല്യത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെയും കാലാവധിയുള്ള ടൂറിസ്റ്റ്, ബിസിനസ് വിസകളുള്ള മറ്റു രാജ്യക്കാർക്കും ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. മറ്റു രാജ്യക്കാർ വിദേശങ്ങളിലെ സൗദി എംബസികളിൽ നിന്നും കോസുലേറ്റുകളിൽ നിന്നും നേരിട്ട് വിസ നേടുകയാണ് വേണ്ടത്. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ഹജ് നിർവഹിക്കുന്നതിനും ഹജ് കാലത്ത് ഉംറ നിർവഹിക്കുന്നതിനും വിലക്കുണ്ട്. മറ്റു കാലങ്ങളിൽ ഇവർക്ക് യഥേഷടം ഉംറ നിർവഹിക്കാവുന്നതാണ്. ടൂറിസ്റ്റ് വിസക്കാർക്കുള്ള ഈ ആനുകൂല്യം തങ്ങൾക്ക് തിരിച്ചടിയായി മാറുമെന്നാണ് ഉംറ സർവീസ് കമ്പനികൾ വാദിക്കുന്നത്. 

 

 

Latest News