റിയാദ് - കയ്‌റോയിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ വിമാനത്തിന്റെ നിയന്ത്രണം പ്രശസ്ത ഈജിപ്ഷ്യൻ ഗായകനും നടനുമായ മുഹമ്മദ് റമദാൻ ഏറ്റെടുത്ത സംഭവത്തിൽ പൈലറ്റുമാർക്ക് മുട്ടൻ പണികിട്ടി. റിയാദിൽ നടക്കുന്ന റിയാദ് സീസൺ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടെയാണ് മുഹമ്മദ് റമദാൻ കോക്പിറ്റിൽ കയറി കോ-പൈലറ്റിന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് മുഹമ്മദ് റമദാൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലെ തന്റെ ഒഫീഷ്യൽ പേജുകൾ വഴി പുറത്തുവിട്ടത്. ജീവിതത്തിൽ ആദ്യമായി വിമാനം പറത്താൻ പോവുകയാണെന്ന് പറഞ്ഞാണ് മുഹമ്മദ് റമദാൻ കോക്പിറ്റിൽ പ്രവേശിച്ചത്. തുടർന്ന് ക്യാപ്റ്റനു സമീപമുള്ള കോ-പൈലറ്റിന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ച് ക്യാപ്റ്റനുമായി സംസാരിച്ച മുഹമ്മദ് റമദാൻ പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇത് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
തുടർന്ന് അന്വേഷണ വിധേയമായി വിമാനത്തിന്റെ ക്യാപ്റ്റനെയും കോ-പൈലറ്റിനെയും സിവിൽ ഏവിയേഷൻ മന്ത്രാലയം താൽക്കാലികമായി സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിൽ പൈലറ്റുമാരും മുഹമ്മദ് റമദാനും ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതായി തെളിഞ്ഞു. തുടർന്ന് അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൈലറ്റുമാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് നിർദേശം നൽകുകയായിരുന്നു. ഉത്തരവാദിത്വരഹിതമായി പ്രവർത്തിക്കുകയും യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുകയും ചെയ്ത ക്യാപ്റ്റന്റെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കിയിട്ടുണ്ട്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ അടക്കം സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട എല്ലാ ജോലികളിലും ക്യാപ്റ്റന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. കോ-പൈലറ്റിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് പിൻവലിക്കാനും തീരുമാനമുണ്ട്.
മുഹമ്മദ് റമദാൻ പറപ്പിച്ചുനോക്കിയ വിമാനത്തിൽ 150 ഓളം യാത്രക്കാരുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് റമദാന്റെ റിയാദ് യാത്രക്കു വേണ്ടി മാത്രം പ്രത്യേകം ചാർട്ടർ ചെയ്ത സ്വകാര്യ വിമാനമായിരുന്നു ഇതെന്ന് ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.