കൊച്ചി- കെണിയില്‍പെടുത്തി യുവ വ്യവസായിയില്‍നിന്ന് അരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒന്നാം പ്രതി ചാലക്കുടി പെരിങ്ങല്‍കുത്ത് സ്വദേശി സീമ (30), രണ്ടാം പ്രതി കടവന്ത്ര സ്വദേശി ഷാഹിന്‍(34) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സീമയെ രണ്ടു ദിവസവും ഷാഹിനെ നാലു ദിവസവുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചോദ്യം ചെയ്ത് തീരുന്ന മുറയ്ക്ക് രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ മൂന്നും നാലും പ്രതികളായ അജീര്‍, മന്‍സൂര്‍ എന്നിവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ ഐ.പി.സി-384, 388 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവ വ്യവസായിയുമായി ഒന്നാം പ്രതിയായ സീമ ഫേസ്ബുക്ക് വഴി സൗഹൃദം ശക്തമാക്കുകയായിരുന്നു. പലപ്പോഴും ഫേസ്ബുക്കും വാട്‌സാപ്പും വഴി ചാറ്റിങ്ങുമുണ്ടായി. ചാറ്റിങ്ങിനിടെ ലഭിച്ച ചിത്രങ്ങളും വീഡിയോയും മെസേജുകളും ഉപയോഗിച്ചാണ് സീമ വ്യവസായിയെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പരാതിക്കാരന്റെ കുടുംബ ജീവിതം തകര്‍ക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സീമയും സംഘവും പണം തട്ടിയെടുത്തത്. ഇവര്‍ കൂടിക്കാഴ്ച നടത്തിയ നെടുമ്പാശ്ശേരിയിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പരാതിക്കാരന്‍ വരുന്നതും പോകുന്നതും മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് സഹലിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. സ്വകാര്യ ബാങ്കിന്റെ നെറ്റ് ബാങ്ക് സംവിധാനം വഴി പണം കൈമാറിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. 2019 മെയ് മുതല്‍ ജൂലൈ വരെ പണം കൈമാറിയെന്നാണ് പറയുന്നത്.