കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. വടകര റൂറൽ എസ്.പി ഓഫീസിലാണ് ഇവരെത്തിയത്. നേരത്തെ ഇവരെ കാണാനില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ജോളിയുടെ എൻ.ഐ.ടിയിലെ ഇടപാടുകളെ പറ്റി കൂടുതൽ വിവരങ്ങൾ നൽകാൻ റാണിക്ക് കഴിയുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. ജോളിയുടെ മൊബൈലിൽനിന്നും യുവതിക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്ക് വേണ്ടി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നുവന്നായിരുന്നു വിവരം. എൻ.ഐ.ടി പരിസരത്ത് ഈ യുവതി തയ്യൽക്കട നടത്തിയിരുന്നു. ഈ കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇക്കഴിഞ്ഞ മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന രാഗം കലോത്സവത്തിൽ ഈ യുവതി ജോളിക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എൻ.ഐ.ടിയുടെ തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി നിൽക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്.