തിരുവനന്തപുരം- സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കോഴിക്കോട് കോട്ടൂരില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിലും പ്രളയകാലത്ത് വിള്ളല്‍ രൂപപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം പൊന്മുടി, കല്ലാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ആറു മണിക്കൂറാണ് ശക്തമായ മഴ പെയ്തത്. പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങളില്‍ വെള്ളം കയറി. ജില്ലയില്‍ കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കിള്ളിയൂരിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലടക്കം വലിയ വെള്ളക്കെട്ടുണ്ടായി. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇന്നലെ ശക്തമായ മഴപെയ്തു. ബാലുശ്ശേരിക്ക് സമീപം കൂട്ടാലിടയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണാടിപ്പൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഇന്ന് രാവിലെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകല്‍ രണ്ട് സെന്റി മീറ്റര്‍ മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തുക. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നീ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ശ്രദ്ധിക്കണം.