Sorry, you need to enable JavaScript to visit this website.

ആ സ്‌നേഹസമ്മാനം നിരസിച്ച് നർഗീസ്

രാപകൽ ഭേദമില്ലാതെ കാരുണ്യപ്രവർത്തനങ്ങളുമായി ഓടി നടക്കുന്ന നർഗീസ് ബീഗത്തിന്റെ യാത്രക്കായി വ്യാപാരി സമ്മാനിച്ച സമ്മാനം സ്‌നേഹത്തോടെ നിരസിച്ച് കാരുണ്യപ്രവർത്തക നർഗീസ് ബീഗം.   കൊച്ചി ഇടപ്പള്ളിയിലെ വ്യാപാരി സമ്മാനിച്ച മഹീന്ദ്രയുടെ എക്‌സ്.യു.വി 300 കാറാണ് നർഗീസ് ബീഗം നിരസിച്ചത്. കാക്കനാട്ടെ ന്യൂവേവ് ബോട്ടികിന്റെ ഉടമ അബ്ദുൽ ഷുക്കൂർ സമ്മാനിച്ച കാറാണ് നർഗീസ് നിരസിച്ചത്. ഷുക്കൂറിന്റെ മകൻ അബ്ദുൽ ഫഹദിന് ലഭിച്ച സമ്മാനമാണ് നർഗീസ് ബീഗത്തിന് കൈമാറുമെന്ന് അറിയിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് കാർ സമ്മാനമായി ലഭിച്ച വിവരം അറിയുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ച കൊണ്ട് കാർ കൈമാറാനായിരുന്നു തീരുമാനം. വാഴക്കാലയിലെ മേരി മാത സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അബ്ദുൽ ഫഹദ്. നർഗീസിനെ നേരത്തെ തന്നെ പരിചയമുള്ള അബ്ദുൽ ഷുക്കൂർ ഇവരുടെ നിരവധി കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളി കൂടിയാണ്. 

അബ്ദുൽ ഷുക്കൂറിന്റെ വാക്കുകൾ:
ഏറ്റവും സ്‌നേഹ നിധിയായ എന്റെ മകൻ അബ്ദുൾ ഫഹദിന്, ലുലു മാളിൽ നിന്നും ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ബമ്പർ സമ്മാനമായി ലഭിച്ച മഹിന്ദ്ര എക്‌സ്.യു.വി 300 കാർ, കേരളത്തിലെ സാമൂഹിക മേഖലയിൽ ഒരു പ്രശസ്തിയും ആഗ്രഹിക്കാത്ത,മലയാളിയുടെ മദർ തെരേസ എന്ന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് വേളയിൽ അവാർഡ് ജൂറി വിശേഷിപ്പിച്ചഒരു മാലാഖയായി പാവങ്ങളുടെ ഇടയിൽ ഓടിയെത്തുന്നനർഗീസ് ബീഗത്തിന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ 16 വർഷമായി നർഗീസ് നടത്തി വരുന്ന സഹജീവി സ്‌നേഹത്തിന് എന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.ഒരു പക്ഷേ എന്റെ മകന് കിട്ടിയ ഈ സമ്മാനം പടച്ചവനായി എന്റെ അരികിൽ എത്തിച്ചതാവും.
ജൂപീറ്ററിൽ മഴയും വെയിലും വകവക്കാതെ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി രാവും പകലും ഒരു പോലെയോടുന്ന മാലാഖ ഈ എളിയ സമ്മാനം കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഷുക്കൂർ പറഞ്ഞു. 
വിലയേറിയ സമ്മാനങ്ങൾ വാങ്ങാൻ പേടിയാണെന്ന് നർഗീസ് ബീഗം ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇത്തരം വിലയേറിയ സമ്മാനങ്ങൾ വാങ്ങിയാൽ ഞാൻ ഞാനല്ലതായി പോകും. വലിയ വാഹനങ്ങളിലുള്ള യാത്ര താങ്ങാനാകില്ല. രോഗികളുമായി പോകാനുള്ള ആംബുലൻസ് അടുത്ത ദിവസം എത്തും. അതിലുള്ള യാത്ര മതി. നൂറു രൂപയുണ്ടെങ്കിൽ വയനാട്ടിൽ പോയി വരാനാകും. വലിയ വാഹനങ്ങൾ ലഭിച്ചാൽ അതുകൊണ്ടു നടക്കാനുള്ള ശേഷിയില്ലെന്നും നർഗീസ് ബീഗം വ്യക്തമാക്കി. വയനാട് അടക്കമുള്ള ജില്ലകളിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹ്യപ്രവർത്തകയാണ് നർഗീസ് ബീഗം. പതിനാറു വർഷമായി ഇവർ ഈ മേഖലയിൽ സജീവമാണ്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന നർഗീസ് ഇടവേളകളിലാണ് കാരുണ്യപ്രവർത്തനങ്ങൾക്കായി സമയം നീക്കിവെക്കുന്നത്.
 

Latest News